അടൂർ : പുതുവർഷത്തിൽ നഗരഹൃദയത്തിൽ തുറക്കുന്നത് മൂന്ന് പാലങ്ങൾ. അടൂർ നഗരത്തിൽ മാത്രം കാണാൻപോകുന്ന വേറിട്ട സവിശേഷതയാകാം ഇൗ കാഴ്ച. നിലവിലുള്ള പാലത്തിന് ഇടതുംവലതുമായി രണ്ട് പാലങ്ങളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. അടുത്ത മാസം ഇരട്ടപ്പാലങ്ങൾ കൂടി തുറക്കുന്നതോടെ നഗരഹൃദയത്തിന് പുതിയ മുഖശ്രീ കൈവരും. മൂന്ന് പാലങ്ങൾ ഗതാഗതത്തിനായി തുറന്നുകൊടുക്കുമ്പോൾ എങ്ങനെയാകും ഗതാഗത പരിഷ്കാരം എന്നത് സംബന്ധിച്ച് അധികൃതർക്ക് ആശയക്കുഴപ്പമുണ്ട്.
രാജഭരണ കാലത്ത് എം. സി റോഡിൽ അടൂർ വലിയ തോടിന് കുറുകെ വലിയ വാഹനങ്ങൾക്ക് ഒറ്റവരിഗതാഗതത്തിനുള്ളതായിരുന്നു പഴയപാലം. അഞ്ചലോട്ടക്കാർ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചുവന്നിരുന്ന ഇൗ പാലത്തിലൂടെയായിരുന്നു എഴുപതുകളുടെ അവസാനംവരെ എം. സി റോഡിലെയും കെ. പി റോഡിലെയും ഗതാഗതം . അഞ്ചരമീറ്റർ മാത്രം വീതിയുണ്ടായിരുന്ന പാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് തൊട്ടുസമീപത്തായി ഇപ്പോഴത്തെപാലം നിർമ്മിച്ചത്. ഇതോടെ പഴയപാലം കാൽനടയാത്രയ്ക്കായി മാത്രം ഉപയോഗിച്ചു. ഒരുപതിറ്റാണ്ട് മുമ്പ് പഴയപാലം നിലംപതിച്ചു. ആ പാലത്തിന്റെ സ്ഥാനത്താണ് പുതിയ പാലങ്ങളിലൊന്ന് നിർമ്മിക്കുന്നത്. മറ്റൊന്ന് നിലവിലെ പാലത്തിനോട് ചേർന്ന് വടക്കുഭാഗത്തും.
ഗതാഗതക്കുരുക്കിന് പരിഹാരം
നഗരഹൃദയത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകും പാലങ്ങൾ. ഇതിന് സംവിധാനമൊരുക്കുകയാണ് അടുത്ത കടമ്പ. പടിഞ്ഞാറുനിന്ന് വരുന്ന ബസുകൾ വടക്കുഭാഗത്തെ പാലത്തിലൂടെ കടത്തിവിടും. സെൻട്രൽ ജംഗ്ഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തെക്കുഭാഗത്തെ പുതിയ പാലത്തിലൂടെയും കടത്തിവിടും. ഇൗ രണ്ട് പാലങ്ങൾക്ക് സമീപത്തായി അത്യാധുനിക വെയിറ്റിംഗ് ഷെഡുകളും നിർമ്മിക്കുന്നുണ്ട്. നിലവിലുള്ള പാലത്തിലൂടെ ചെറുതും വലുതുമായ മറ്റ് വാഹനങ്ങളും കടന്നുപോകും. ഇതോടെ സെൻട്രൽ ജംഗ്ഷനും കെ. എസ്. ആർ. ടി. സി ജംഗ്ഷനും ഇടയിലായി വാഹനഗതാഗതത്തിന് കൃത്യമായ നിയന്ത്രണമാകും.