റാന്നി : ആഞ്ഞിലിമുക്ക് ജംഗ്‌ഷനിൽ നിന്ന് കൊച്ചുകുളത്തേക്കുള്ള റോഡ് തകർച്ചയുടെ വക്കിൽ. നിലവിൽ കൊച്ചുകുളം മേഖലയിലെ ആളുകൾക്ക് ഒരുവിധം യാത്ര ചെയ്യാൻ കഴിയുന്ന ഏക റോഡുകൂടി തകർന്നാൽ ഓട്ടോ ഉൾപ്പടെയുള്ള വാഹനങ്ങൾപോലും ഇതുവഴി വരാൻ മടിക്കും. മുമ്പ് ബസ് സർവീസ് ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ആളുകൾ ആശ്രയിക്കുന്നത് ഇത്തരം വാഹനങ്ങളെയാണ്. കുടമുരുട്ടി അംബേദ്‌കർ റോഡിന് ടെൻഡർ പൂർത്തിയായി നിർമ്മാണ സാമഗ്രികൾ ഇറക്കിയെങ്കിലും പണികൾ ആരംഭിച്ചിട്ടില്ല. ഓട നിർമ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് പണി നടത്തിയതോടെ റോഡിൽ കൂടി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥിയിലായി. വശങ്ങൾ വീതി വർദ്ധിപ്പിച്ച് ഓടകളെടുത്തിരിക്കുകയാണ്. മഴ മാറിയാലുടൻ പണികൾ ആരംഭിക്കുമെന്ന് കരുതി കാത്തിരുന്ന ജനങ്ങൾക്ക് ഇപ്പോൾ പൊടി ശല്യവും സഹിക്കേണ്ട അവസ്ഥയാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.