ചെങ്ങന്നൂർ: സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തളിരിടം എന്ന പേരിൽ മൂന്നു ദിവസത്തെ ശാസ്ത്ര ക്യാമ്പ് ചെങ്ങന്നൂരിൽ നടത്തുമെന്ന് ഡയറക്ടർ പള്ളിയറ ശ്രീധരൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ സമഭാവന ഗ്രന്ഥശാലയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പ് 17,18,19 തീയതികളിലായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടത്തും. 18 ന് ഉച്ചയ്ക്ക് 3ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും.
10 സ്‌കൂളുകളിലെ 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 17 ന് രാവിലെ 9.30 മുതൽ വൈദ്യുതകാന്തിക തരംഗങ്ങൾ നിത്യജീവിതത്തിൽ, ശാസ്ത്രവീഥിയിലൂടെ ഒരു തിരനോട്ടം എന്നീ വിഷയങ്ങളിൽ ക്ലാസ് നടത്തും. ഉച്ചയ്ക്കു ശേഷം റിസർച്ച് ലാബ് സന്ദർശനം. 18 ന് രാവിലെ 9.30ന് ഗണിതം മധുരം എന്ന വിഷയത്തിൽ ക്ലാസ്. തുടർന്ന് ബോട്ടണി സുവോളജി ലാബ് സന്ദർശനം. ഉച്ചയ്ക്ക് 1.30 ന് സാംക്രമിക രോഗങ്ങളെപ്പറ്റിയുള്ള ക്ലാസ്.
19 ന് രാവിലെ 9.30 മുതൽ സൂര്യനോടൊപ്പം സഞ്ചരിക്കാം, ഭൗതികശാസ്ത്രം ഗവേഷണത്തിലൂടെ എന്നീ വിഷയങ്ങളിൽ ക്ലാസ്. ഉച്ചയ്ക്ക് 1.30ന് പ്രപഞ്ചവും മനുഷ്യനും, നാമും പരിസ്ഥിതിയും എന്നീ വിഷയങ്ങളിലായി ക്ലാസ് നടത്തും. മൂന്നു ദിവസവും ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ടുള്ള പുസ്തക അവലോകനമുണ്ടാകും. ഏഴു മുതൽ 10ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ ക്യാമ്പ് ഡയറക്ടർ പ്രൊഫ. കെ. കുര്യൻ തോമസും പങ്കെടുത്തു.