അടൂർ: ഗുരുധർമ്മ പ്രചാരണസഭ അടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 19 ന് ശിവഗിരി തീർത്ഥാടന വിളംബര വാഹന ഘോഷയാത്രയും സമ്മേളനവും നടക്കും. മണ്ഡലം പ്രസിഡന്റ് വി.എസ്. യശോധര പണിക്കർ ജാഥാ ക്യാപ്ടനായാണ് വാഹനഘോഷയാത്ര . ഉച്ചയ്ക്ക് 2 ന് മുണ്ടപ്പള്ളി കിഴക്ക് ഗുരുധർമ്മ പ്രചാരണസഭ മന്ദിരാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജാഥാ ക്യാപ്ടന് പതാക കൈമാറി ജില്ലാ വൈസ് പ്രസിഡന്റ് ജി. രാജേന്ദ്രൻ കലഞ്ഞൂർ ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 5ന് ജനറൽ ആശുപത്രിക്ക് സമീപമുള്ള ഇ - പാസ് ഒാഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സച്ചിതാനന്ദ സ്വാമി തീർത്ഥാടന വിളംബര സന്ദേശം നൽകും. വി.എസ്. യശോധര പണിക്കർ അദ്ധ്യക്ഷത വഹിക്കും. ഡോ. അൻസാരി, ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, മണിയമ്മ, ജി.രാജേന്ദ്രൻ കലഞ്ഞൂർ, അനിൽ തടാലിൽ, ഉഷ പുഷ്പൻ എന്നിവർ പ്രസംഗിക്കും.