പ്രമാടം : പേവിഷബാധയെ തുടർന്ന് പ്രമാടത്ത് വളർത്തുമൃഗങ്ങൾ ചത്തുവീഴാൻ തുടങ്ങിയതോടെ ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പേപ്പട്ടി കടിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന രണ്ട് പശുക്കളും ഒരു കിടാവും ഒരു വളർത്തുനായയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. രോഗ ലക്ഷണങ്ങളോടെ നിരവധി വളർത്തുമൃഗങ്ങൾ നിരീക്ഷണത്തിലുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചത്ത വളർത്തുമൃഗങ്ങളിൽ പേ വിഷബാധ സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കാൻ അധികൃതർ തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പ് , മൃഗങ്ങൾ ചത്ത വീടുകളിലെത്തി മറ്റ് വളർത്തുമൃഗങ്ങളുടെ സ്രവം ശേഖരിക്കുകയും ഇവയെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഇവയെ പരിചരിച്ചവർ പേവിഷ പ്രതിരോധ കുത്തിവയ്പെടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
മൂന്നാഴ്ച മുമ്പാണ് പേവിഷബാധയുള്ള തെരുവുനായ പ്രമാടത്ത് വളർത്തുമൃഗങ്ങളെ കടിച്ചത്. പ്രതിരോധ കുത്തിവയ്പ്പിന് ശേഷം നിരീക്ഷണത്തിലായിരുന്ന പ്രമാടം താഴേക്കിടങ്ങിൽ വിജയമ്മ, പ്ളാവിളിയിൽ സന്തോഷ്, മേപ്പുറത്ത് രാജേഷ് എന്നിവരുടെ വളർത്തുമൃഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. ഇവയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് മറ്റ് മൃഗങ്ങളെയും ഇവയെ പരിചരിച്ചവരെയും നിരീക്ഷണത്തിലാക്കിയത്. അടുത്തിടെ ചത്ത തെരുവുനായകളുടെ സാമ്പിളും പരിശോധിക്കും. തെരുവുനായകൾക്കും പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ചത്തതും നിരീക്ഷണത്തിലുള്ളതുമായ വളർത്തുമൃഗങ്ങളെ പരിചരിച്ചവർ നേരത്തെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ല. മൃഗങ്ങൾക്ക് മാത്രമാണ് വാക്സിൻ നൽകിയിരുന്നത്. ചത്തതും നിരീക്ഷണത്തിലുള്ളതുമായ ചില പശുക്കളുടെ പാൽ കഴിഞ്ഞ ദിവസങ്ങളിൽ വരെ പൂങ്കാവിലെ മിൽമ ബൂത്തിലും വീടുകളിലും വിതരണം ചെയ്തിരുന്നു. ഇതും ആശങ്ക വർദ്ധിപ്പിക്കുന്നു. അതേ സമയം പാൽ നൂറ് ഡിഗ്രിയിൽ ചൂടാക്കിയ ശേഷം ഉപയോഗിക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു.