തിരുവല്ല: സമീപ ജില്ലകളിൽ താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അപ്പർകുട്ടനാട്ടിൽ ആശങ്കയേറി. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ആയിരക്കണക്കിന് താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ വ്യാപകമായി താറാവുകൾ ചത്തൊടുങ്ങുകയും ചെയ്തു. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞയാഴ്ചയാണ് പക്ഷിപ്പനി കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലകളിലും താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്ന് അപ്പർകുട്ടനാട്ടിലെ താറാവ് കർഷകരും ഭീതിയിലാണ്. നിരണം, പെരിങ്ങര, നെടുമ്പ്രം, കടപ്ര, കുറ്റൂർ പഞ്ചായത്തുകളിൽ ചെറുതും വലുതുമായ നൂറുകണക്കിന് കർഷകരാണ് താറാവുകളെ വളർത്തി ഉപജീവനം നടത്തുന്നത്. ആലപ്പുഴയിൽ പക്ഷിപ്പനി കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞയാഴ്ച നിരണം പഞ്ചായത്തിലെ എട്ടിയാരിൽ റോയിയുടെയും കണ്ണമ്മാലി കുര്യൻ മത്തായിയുടെയും നൂറുകണക്കിന് താറാവ് കുഞ്ഞുങ്ങൾ ചത്തൊടുങ്ങിയ സംഭവം ഉണ്ടായിരുന്നു. നിരണം വെറ്ററിനറി ഡോക്ടർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു സാമ്പിളുകൾ ശേഖരിച്ച് മഞ്ഞാടി പക്ഷിരോഗ നിർണയ ഗവേഷണ കേന്ദ്രത്തിൽ നൽകിയിരുന്നു. എന്നാൽ വെള്ളപ്പൊക്കത്തെ തുടർന്ന് ജലത്തിലെ മാലിന്യത്തിൽ നിന്നും ഫംഗസ് ബാധയുണ്ടായതാണ് താറാവുകൾ ചത്തൊടുങ്ങാൻ കാരണമെന്നാണ് കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം മരുന്നു നൽകിയതോടെ പ്രദേശത്തെ ഭീതി ഒഴിവായിരുന്നു. ഇതിനിടെയാണ് സമീപത്തെ കോട്ടയം ജില്ലയിലും കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർച്ചയായ വർഷങ്ങളിൽ താറാവുകൾക്ക് രോഗബാധയുണ്ടാകുന്നത് കർഷകരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിലും ഈ വർഷം ആദ്യവും രോഗം ബാധിച്ച ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കിയിരുന്നു. ആലപ്പുഴ ജില്ലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്താണ് നിരണം. ഇവിടെയാണ് മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ഏക താറാവ് വളർത്തൽ കേന്ദ്രവും സ്ഥിതിചെയ്യുന്നത്. മുട്ടകൾ വിരിയിച്ച് നൂറുകണക്കിന് താറാവ് കുഞ്ഞുങ്ങളെയാണ് ഇവിടെ നിന്നും കർഷകർക്ക് നൽകിവരുന്നത്.