 
ചെങ്ങന്നൂർ: ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യ ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ രണ്ടാം പ്രതിയും മുഖ്യസൂത്രധാരനുമായ ലെനിൻ മാത്യു (43)നെ ചെങ്ങന്നൂർ പൊലീസ് നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് മലേഷ്യയിലേക്കു കടക്കാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. പന്തളം തുമ്പമൺ മുട്ടത്ത് നടക്കാവ് കുടുംബാംഗമായ ലെനിൻ എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ എന്ന വിലാസത്തിലാണ് കഴിഞ്ഞിരുന്നത്. തട്ടിപ്പിനു ശേഷം ബംഗളുരുവിലേക്ക് കടന്നിരുന്നു. ചെങ്ങന്നൂർ പൊലീസിൽ മാത്രം എട്ടു കേസുകളിലായി 1.60 കോടി രൂപയുടെ തട്ടിപ്പാണ് ജോലി വാഗ്ദാനം ചെയ്തു നടത്തിയത്. ലെനിൻ എഫ്.സി.ഐയുടെ നോൺ ഒഫീഷ്യൽ മെമ്പറായി 2020 ഡിസംബർ വരെ പ്രവർത്തിച്ചിരുന്നു. ഇതിനു പുറമേ സൗത്ത് വെസ്റ്റ് റെയിൽവേ സോണൽ റെയിൽവേ യൂസേഴ്‌സ് കൺസൽട്ടീവ് അംഗമായിരുന്നു. നിലവിൽ എൽ.ജെ.പി. എറണാകുളം ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു. ആറു പ്രതികളുള്ള കേസിൽ ബി.ജെ.പി മുൻ പഞ്ചായത്തംഗം കാരയ്ക്കാട് സ്വദേശി സനു എൻ. നായർ (48), ബുധനൂർ താഴുവേലിൽ രാജേഷ് കുമാർ (38) എന്നിവർ ജൂലായിൽ പൊലീസിൽ കീഴടങ്ങിയിരുന്നു. മൂന്നു പ്രതികൾ കൂടി പിടിയിലാകാനുണ്ട്.
തട്ടിയെടുത്തത് 12 മുതൽ 20 ലക്ഷം വരെ
എഫ്.സി.ഐ അംഗമാണെന്ന വ്യാജേനേയാണ് ലെനിൻ ആളുകളെ സമീപിച്ചത്. ജൂനിയർ ക്ലർക്ക് മുതൽ അക്കൗണ്ടന്റ് വരെയുള്ള തസ്തികയിലേക്ക് 12ലക്ഷം വരെയും എൻജിനിയറിംഗ് തസ്തികയിലേക്ക് 20 ലക്ഷവുമാണ് നിയമനത്തിനായി വാങ്ങിയിരുന്നത്. വ്യാജ നിയമന ഉത്തരവ് നൽകി ബംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ ആളുകളെ വിളിച്ചുവരുത്തി ഇന്റർവ്യു, മെഡിക്കൽ പരിശോധന എന്നിവ നടത്തി. പിന്നീട് അറിയിപ്പൊന്നും ലഭിക്കാതെ ആയതോടെയാണ് ചിലർ പൊലീസിൽ പരാതി നൽകിയത്. ഏകദേശം മൂന്നു കോടി രൂപയ്ക്കടുത്ത് തട്ടിപ്പു നടന്നിട്ടുള്ളതായി സംശയിക്കുന്നു.
ഇയാൾക്ക് ഒന്നിലേറെ ഭാര്യമാരുള്ളതായും ജോലി തട്ടിപ്പിനു പുറമേ മറ്റു ചില ഇടപാടുകളുള്ളതായും പൊലീസ് സംശയിക്കുന്നു. .ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഡോ. ആർ. ജോസ്, ഇൻസ്‌പെക്ടർ ജോസ് മാത്യു എന്നിവരുടെ കീഴിൽ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. ചെങ്ങന്നൂർ പ്രിൻസിപ്പൽ എസ്.ഐ. എസ്. നിതീഷ്, എസ്.ഐ. രാജു, സീനിയർ സി.പി.ഒ. എസ്. ബാലകൃഷ്ണൻ, സി.പി.ഒ.മാരായ അതുൽ രാജ്, യു. ജയേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.