ചെങ്ങന്നൂർ: പുലർച്ചെ പ്രഭാത സവാരിക്കും ക്ഷേത്രദർശനത്തിനും തനിച്ചിറങ്ങുന്ന സ്ത്രീകളെ നിരീക്ഷിച്ച ശേഷം ഇവരെ ആക്രമിച്ച് സ്വർണം അപഹരിക്കുന്ന ദമ്പതികളായ പ്രതികളെ ഇന്നലെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ആലപ്പുഴ മിത്രക്കരി മുട്ടാർ മിത്രമഠം കോളനിയിൽ ലെതിൻ ബാബു, ഭാര്യ സൂര്യമോൾ സോമൻ എന്നിവരെയാണ് തെളിവെടുപ്പിനായി ചെങ്ങന്നൂരിലെത്തിച്ചത്. കഴിഞ്ഞ നവംബർ 18 ന് പുലർച്ചെ 4.50ന് ക്ഷേത്ര ദർശനത്തിനു പോയ തിരുവൻവണ്ടൂർ രാജീവ് സദനത്തിൽ തുളസീഭായി (64)യുടെ രണ്ടര പവന്റെ സ്വർണമാലയും ഏപ്രിൽ 19ന് പുലർച്ചെ 6ന് പ്രഭാത സവാരിക്കിറങ്ങിയ ഉമയാറ്റുകര കണ്ടൻകരോത്ത് നിഷാ ഭവനിൽ ഗോപാലന്റെ ഭാര്യ പ്രസന്നകുമാരി (67യുടെ മൂന്നു പവന്റെ സ്വർണമാലയും രണ്ടുഗ്രാം ലോക്കറ്റും അപഹരിച്ചകേസിലാണ് ദമ്പതികൾ പിടിയിലായത്. സമാനമായ മറ്റൊരു കേസിൽ ഇവരെ തിരുവല്ല പൊലീസ് അറസ്റ്റു ചെയ്തതോടെയാണ് ചെങ്ങന്നൂരിൽ നടന്ന മോഷണത്തിനു പിന്നിലും ഇവരാണെന്ന് തെളിഞ്ഞത്. പ്രതികളെ തുളസീഭായിയും പ്രസന്നകുമാരിയും തിരിച്ചറിഞ്ഞു. സ്വർണം ചങ്ങനാശേരിയിലെ ജൂവലറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആഭരണങ്ങൾ ഉരുക്കിയ നിലയിലാണ് ഇവിടെനിന്ന് ലഭിച്ചത്. നിരവധി മോഷണ, പിടിച്ചുപറികേസുകളിലെ പ്രതികളായ ഇവരെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റൂർ മാമ്മൂട്ടിൽപടി പളളിക്കു സമീപമുളള വാടകവീട്ടിൽ നിന്നാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ലെതിൻ ബാബു മോഷ്ടിക്കുന്ന സാധനങ്ങൾ സൂര്യമോളാണ് വില്പന നടത്തിയിരുന്നത്. തെളിവെടുപ്പിന് ശേഷം ഇരുവരെയും തിരുവല്ല പൊലീസിന് കൈമാറി.