തിരുവല്ല : ഓൺലൈൻ വായ്പ നൽകി ഫോൺ രേഖകൾ ചോർത്തി യുവതിയെ കുരുക്കിലാക്കിയ യു.പി സ്വദേശികൾക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. പെരിങ്ങര സ്വദേശിനി നൽകിയ പരാതിയിലാണ് കേസ്. ഓൺലൈനിൽ നിന്ന് ലഭിച്ച ലിങ്ക് ഉപയോഗിച്ച് യുവതി ഒരു വർഷം മുമ്പ് യു.പി സ്വദേശികളിൽ നിന്ന് 10,000 രൂപ വായ്പയെടുത്തിരുന്നു. കാലാവധിക്കുള്ളിൽ വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു. അതിന് ശേഷം ഇക്കഴിഞ്ഞ 25ന് യുവതിക്ക് യു.പി യിൽ നിന്ന് ഒരു ഫോൺ കോൾ എത്തി. ഓൺലൈൻ വഴി പണം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൾ. യുവതി ഇത് നിരസിച്ചതോടെ ഫോണിലെ ഫോട്ടോകൾ ഉൾപ്പടെയുളള മുഴുവൻ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്ന ഭീഷണിയായി. പണം നൽകാതിരുന്നതിനെ തുടർന്ന് യുവതിയൂടേതെന്ന തരത്തിൽ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ യുവതിയുടെ ബന്ധുക്കൾ അടക്കമുള്ളവരുടെ വാട്ട്സാപ്പിലൂടെ പ്രചരിപ്പിച്ചു. ഇതേതുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.