kattana

റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ കൊച്ചുകുളം, കുടമുരുട്ടി മേഖലകൾ കാട്ടാന ഭീതിയിൽ. ഇന്നലെ പുലർച്ചെ റബർ ടാപ്പിംഗിന് പോയവരെ കാട്ടാന ഓടിച്ചു. രാവിലെ എട്ടരയോടെ പെരുന്തേനരുവി വഴി കൊല്ലമുളക്ക് പോകുകയായിരുന്ന കാർ യാത്രികനുനേരെയും കാട്ടാന പാഞ്ഞെത്തി. കാർ പിന്നിലേക്കെടുത്ത് തിരിച്ചുപോയതിനാൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഉന്നത്താനി സ്വദേശി സലാംകുമാർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ഒറ്റക്കൊമ്പൻ പാഞ്ഞെത്തിയത്. നിരവധി വാഹനയാത്രക്കാർ പോകുന്നവഴിയിൽ വന്യമൃഗശല്യം ഏറിവരുകയാണ്. കൊച്ചുകുളം തമ്പിത്തോടിന് സമീപം കൂറ്റൻ പനമരം ആന പിഴുതു റോഡിലേക്ക് തള്ളിയിട്ടു. പുലർച്ചെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച മൈക്കുളത്തു യശോധരന്റെ മകൻ അശ്വഘോഷ് ആനയുടെ പിടിയിൽ നിന്ന് ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. തോട്ടങ്ങളിൽ ടാപ്പിംഗിനായി പോകുന്നവർ ടോർച്ചു തെളിച്ചാണ് സഞ്ചരിക്കുന്നത്. പാട്ട കൊട്ടിയും ശബ്ദം ഉണ്ടാക്കിയുമാണ് പ്രദേശവാസികൾ ആനയെ തുരത്തുന്നത്.

കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും വന്യ മൃഗങ്ങൾ കടക്കാതിരിക്കാൻ വനത്തിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന സൗരോർജ്ജ വേലി നശിപ്പിച്ചാണ് കാട്ടാന കടന്നു പോകുന്നത്.

കഴിഞ്ഞ ആഴ്ച കാട്ടുപോത്തിൻ കൂട്ടങ്ങൾ റോഡിൽ എത്തിയിരുന്നു.

കാട്ടാനയുടെ നിരന്തര ശല്യം

റോഡിൽ വെളിച്ചമില്ല

കൃഷിക്ക് പുറമെ ജീവനും ഭീഷണി