manimandapam-
മണിമണ്ഡപം

ശബരിമല: ശബരിമലയുടെ മൂലസ്ഥാനമായാണ് മണിമണ്ഡപം അറിയപ്പെടുന്നത്. മറവപ്പടയെ തോല്‍പ്പിച്ചെത്തിയപ്പോൾ അയ്യപ്പൻ വിശ്രമിച്ച സ്ഥലം. മാളികപ്പുറത്തുനടയുടെ സമീപമാണിത്. മാളികപ്പുറത്തെ എഴുന്നെള്ളിപ്പ് തുടങ്ങുന്നതും ഇവിടെനിന്നാണ്. മകരജ്യോതി കഴിഞ്ഞാൽ അഞ്ച് ദിവസം ഇവിടെ കളമെഴുത്ത് നടക്കും. പഞ്ചവർണങ്ങളിൽ ധർമ്മശാസ്താവ്, പുലിവാഹനൻ, അയ്യപ്പന്റെ പ്രതിഷ്ഠാവിഗ്രഹം എന്നിവയാണ് കളമെഴുതുന്നത്. പ്രകൃതിദത്തമായ നിറമാണ് ഇതിന് ഉപയോഗിക്കുന്നത്. റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ കുറുപ്പന്മാർക്കാണ് ഇവിടെ പാരമ്പര്യമായ അവകാശം. മകരവിളക്ക് മുതൽ അഞ്ച് ദിവസം മാളികപ്പുറത്ത് എഴുന്നെള്ളിപ്പ് നടക്കും.

ഇത് പുറപ്പെടുന്നത് മണിമണ്ഡപത്തിന് മുമ്പിൽ നിന്നാണ്. എഴുന്നെള്ളിപ്പിനുള്ള തിടമ്പ് മണിമണ്ഡപത്തിൽ ഒരുക്കിവച്ച് മാളികപ്പുറം മേൽശാന്തി പൂജിച്ചാണ് ആനപ്പുറത്തേറ്റുന്നത്. ആലങ്ങാട്ട് സംഘത്തിന്റെ താലം എഴുന്നെള്ളിപ്പിനും തിടമ്പേറ്റുന്നത് ഇവിടെ പൂജിച്ചാണ്. തീർത്ഥാടനത്തിന് സമാപനം കുറിച്ച് ഗുരുതി നടക്കുന്നതും മണിമണ്ഡപത്തിന് മുന്നിലാണ്. ശബരിമലയിൽ ശ്രീകോവിലിനോളം പ്രാധാന്യം മണിമണ്ഡപത്തിനുമുണ്ട്. ശബരിമലയിലെത്തിയ അയ്യപ്പൻ ഇവിടെ കുടിൽകെട്ടി ധ്യാനിച്ചിരുന്നുവെന്നും ഇവിടെയാണ് അയ്യപ്പന്റെ യോഗസമാധിയെന്നും ഭക്തർ വിശ്വസിക്കുന്നു. അയ്യപ്പൻ തപസനുഷ്ഠിച്ചിരുന്ന സമയത്ത് പൂജിച്ചിരുന്ന മൂന്ന് ശ്രീചക്രങ്ങളിലൊന്ന് മണ്ഡപത്തിനടിയിലുണ്ടെന്നാണ് വിശ്വാസം. മറ്റൊന്ന് ശ്രീകോവിലിലും പിന്നെയുള്ളത് പതിനെട്ടാംപടിയിലുമാണ്.

മണിമണ്ഡപത്തിന്റെ ചുവരുകൾ പിത്തളപൊതിഞ്ഞ് അതിൽ അയ്യപ്പകഥകൾ ചിത്രത്തിലൂടെ ആലേഖനം ചെയ്തിരിക്കുകയാണ്.
ധർമ്മ ശാസ്താവിന്റെ വിഗ്രഹത്തിൽ വിലയം പ്രാപിച്ച മണികണ്ഠൻ പന്തളത്തുനിന്ന് സന്നിധാനത്തെത്തിയപ്പോൾ ആദ്യം ഇരുന്ന സ്ഥാനത്താണ് മണിമണ്ഡപം നിർമിച്ചിട്ടുള്ളത്. അതിനാലാണ് മൂലസ്ഥാനമായി കാണുന്നത്. പന്തളം രാജാവിന് ക്ഷേത്രം നിർമിക്കാൻ സ്ഥാനം കാട്ടിക്കൊടുക്കാൻ മണികണ്ഠൻ എയ്ത ആദ്യത്തെ അമ്പ് പതിച്ചതും മണിമണ്ഡപം ഇരിക്കുന്ന സ്ഥാനത്താണെന്നാണ് വിശ്വാസം.