
പത്തനംതിട്ട : രോഗവ്യാപനം കുറഞ്ഞപ്പോൾ പരിച്ചുവിടപ്പെട്ട കൊവിഡ് ബ്രിഗേഡിയർമാർക്ക് ജോലിയുടെ ഭാഗമായി നൽകേണ്ട റിസ്ക് അലവൻസ് നൽകാതെ സർക്കാർ. സംസ്ഥാനത്ത് 22,000ത്തോളം കൊവിഡ് ബ്രിഗേഡിയർമാർക്കാണ് തുക ലഭിക്കാനുള്ളത്. ഒരു ദിവസത്തെ ശമ്പളത്തിനൊപ്പം അനുവദിക്കുന്ന തുകയാണ് റിസ്ക് അലവൻസ്. ഒരു ദിവസം 385രൂപയാണ് അലവൻസായി നൽകിയിരുന്നത്. ഒന്നേമുക്കാൽ വർഷം കൊവിഡ് ബ്രിഗേഡിയറായി ജോലി ചെയ്തവർ അവസാന ആറ് മാസത്തെ റിസ്ക് അലവൻസിനായി മുട്ടാത്ത വാതിലുകളില്ല.
കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് രോഗികളെ പരിചരിക്കാൻ നാൽപ്പത് വയസിൽ താഴെയുള്ളവരെ ദേശീയ ആരോഗ്യമിഷൻ വഴി താൽക്കാലികമായി നിയമിച്ചത്. രോഗികളെ പരിചരിക്കൽ, ശുചീകരണം, അറ്റൻഡർമാർ, ഡോക്ടർമാർ, നഴ്സുമാർ എന്നീ വിഭാഗങ്ങളിലായിരുന്നു നിയമനം. ലോക്ഡൗൺ തുടങ്ങിയപ്പോൾ തൊഴിൽ രഹിതരായവരായിരുന്നു ഇവരിലേറെയും. പിരിച്ചുവിട്ടപ്പോൾ മിക്കവർക്കും പഴയ തൊഴിലുകളിലേക്ക് തിരിച്ചുപോകാനായിട്ടില്ല.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇക്കഴിഞ്ഞ സെപ്തംബർ മുതൽ മൂന്ന് ഘട്ടമായി ബ്രിഗേഡിയർമാരെ പിരിച്ചുവിട്ടു. ഒക്ടോബർ 30 മുതൽ കൊവിഡ് ബ്രിഗേഡിയർമാരില്ല.
സർക്കാർ നൽകിയിരുന്ന മറ്റ് വാഗ്ദാനങ്ങളൊന്നും നടപ്പായില്ലെന്നും കൊവിഡ് ബ്രിഗേഡിയർമാരായി ജോലി ചെയ്തവർ പറയുന്നു. കൊവിഡ് ബ്രിഗേഡിയർ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് എംപ്ളോയ്മെന്റ്, പി.എസ്.സി, എൻ.എച്ച്.എം, എച്ച്.എം.സി മുഖേനയുള്ള താൽക്കാലിക നിയമനങ്ങളിൽ മുൻഗണന നൽകുമെന്ന് അറിയിച്ചിരുന്നു. ഇത് നടപ്പായിട്ടില്ല. അടുത്തിടെ ആരോഗ്യവകുപ്പിൽ നടന്ന താൽക്കാലിക നിയമനങ്ങളിലും ഇവർ തഴയപ്പെട്ടു.
കൊവിഡ് ബ്രിഗേഡിയർ
ദിവസ വേതനം : 500 രൂപ
റിസ്ക് അലവൻസ് : 385 രൂപ
'' സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെ ആരോഗ്യവും നോക്കാതെയാണ് കൊവിഡ് രോഗികളെ പരിചരിച്ചത്. പലരും ഏറ്റെടുക്കാൻ മടിക്കുന്ന ജോലിയായിരുന്നു. റിസ്ക് അലൻവസിലെ ബാക്കി തുക നൽകാൻ നടപടിയെടുക്കണം.
മനു, കൊവിഡ് ബ്രിഗേഡിയർ
'' സംസ്ഥാന സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് അലവൻസ് വിതരണം ചെയ്യും.
എൻ.എച്ച്.എം അധികൃതർ.
'' റിസ്ക് അലവൻസ് സംബന്ധിച്ച ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണ്.
- ആരോഗ്യ മന്ത്രി വീണാ ജോർജ്.