parakkulam
നരിയാപുരം ഇന്ദിരാ ജംഗ്ഷനിൽ നിന്നും കീരുകുഴിക്കു പോകുന്ന റോഡരികിൽ കൈവരികൾ ഇല്ലാത്ത പാറക്കുളം

പത്തനംതിട്ട : റോഡിലെ വളവിന് സുരക്ഷിതമായ കൈവരിയില്ല. വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ നേരെ വീഴുക സമീപത്തെ പാറക്കുളത്തിലേക്ക് . നരിയാപുരം ഇന്ദിരാ ജംഗ്ഷനിൽ നിന്ന് കീരുകുഴിയിലേക്കുള്ള റോഡിലാണ് ഇൗ ഭീഷണി. വളവ് ഇറങ്ങിവരുന്ന വാഹന ഡ്രൈവർമാർക്ക് പലപ്പോഴും കുളം കാണാൻ കഴിയില്ല. ഇടവിട്ട് ചെറിയ കൽക്കെട്ടുകളുണ്ടെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. കരോൾ കഴിഞ്ഞ് മടങ്ങിയ ബൈക്ക് യാത്രക്കാരനായ യുവാവ് ഇൗയിടെ പാറക്കുളത്തിൽ വീണ് മരിച്ചിരുന്നു.

ദിവസവും നിരവധി വാഹനങ്ങൾപോകുന്ന റോഡാണിത്.

വള്ളിക്കോട്, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്.

തുമ്പമൺ പഞ്ചായത്ത് അഞ്ചാം വാർഡാണ് ഇവിടം. കുളത്തിന് മുപ്പത്തഞ്ചടി ആഴമുണ്ട്. . അമ്പത് സെന്റോളം സ്ഥലത്താണ് കുളം.

പതിന്നാല് വർഷം മുമ്പ് ഈ കുളം നാട്ടുകാർ ഉപയോഗിച്ചിരുന്നു. പിന്നീട് സ്വകാര്യ വ്യക്തിയുടെ സ്ഥലമാണെന്ന് അവകാശപ്പെട്ട് കേസായി. പഞ്ചായത്തും സ്വകാര്യവ്യക്തിയും തമ്മിലുള്ള കേസിൽ പഞ്ചായത്താണ് വിജയിച്ചത്.

ഇതുവരെ അപകടങ്ങളിൽ മൂന്നുപേർമരിച്ചിട്ടുണ്ട്. ഒരാൾ ആത്മഹത്യ ചെയ്തതും ഇവിടെയാണ്. ഉറവയേക്കാൾ കൂടുതൽ പെയ്ത്ത് വെള്ളമാണ്. പ്രളയത്തിന് മുമ്പ് കുളം വറ്റിച്ചിരുന്നു. ഒരാൾപൊക്കത്തിൽ ചെളിയായിരുന്നു . അത് വാരിക്കളയുമ്പോഴാണ് വലിയ മഴ പെയ്ത് വെള്ളം വീണ്ടും നിറഞ്ഞത്. പിന്നീട് വറ്റിച്ചിട്ടില്ല. കോഴി മാലിന്യവും മറ്റും തള്ളുന്നത് കുളത്തിലാണ്.

കുളമാക്കരുതെന്ന് നാട്ടുകാർ

കുളം നികത്തി സർക്കാർ സ്ഥാപനങ്ങൾക്ക് കെട്ടിടം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലെങ്കിൽ വെള്ളം ശുദ്ധമാക്കി ജലവിതരണം നടത്തണം. അതുവരെ ഉയരത്തിൽ കൈവരികൾ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണം.