plat
ഉന്നതനിലവാരത്തിൽ ടാറിംഗ് നടന്നുവരുന്ന ഏഴംകുളം പ്ളാന്റേഷൻമുക്ക് - നെടുമൺകാവ് റോഡ്.

അടൂർ : ഏഴംകുളം പ്ളാന്റേഷൻമുക്ക് - നെടുമൺകാവ് റോഡിന്റെ ബി. എം. ആൻഡ് ബി. സി നിലവാരത്തിലുള്ള ടാറിംഗ് ജോലികൾ പുരോഗമിക്കുന്നു. പ്ളാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലായിരുന്ന നാല് കിലോമീറ്റർ ഉൾപ്പെടെ 9 കലോമീറ്റർ ദൂരമുണ്ട് റോഡിന്. കെ. പി റോഡിൽ ഏഴംകുളം പ്ളന്റേഷൻ ജംഗ്ഷനിൽ ആരംഭിച്ച് ആനയടി - കൂടൽ റോഡിലെ നെടുമൺകാവിൽ എത്തിച്ചേരുന്ന റോഡ് വികസിക്കുന്നതോടെ യാത്രാദുരിതത്തിന് പരിഹാരമാകും. ചന്ദനപ്പള്ളി എസ്റ്റേറ്റിലൂടെ കടന്നുപോകുന്ന റോഡിന്റെ നാല് കിലോമീറ്റർ ഭാഗം പൂർണമായും പ്ളാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലായിരുന്നു. ഇതിന്റെ രണ്ട് അതിർത്തികളിലും കോർപ്പറേഷൻ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് ഗതാഗത നിയന്ത്രണത്തിനൊപ്പം വാഹനയാത്രക്കാരിൽ നിന്ന് ടോൾ പിരിവ് നടത്തിവരികയായിരുന്നു. ഇവിടം വിട്ടുകിട്ടാതിരുന്നതാണ് അറ്റകുറ്റപ്പണിക്ക് തടസമായിരുന്നത്. ചിറ്റയം ഗോപകുമാർ എം. എൽ. എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ഉന്നതലവാരത്തിൽ ടാർ ചെയ്യുന്നതിന് റോഡ് പൊതുമരാമത്ത് വകുപ്പിന് താത്കാലികമായി വിട്ടുനൽകിയത്. പൊതുമരാമത്ത് വകുപ്പിന്റെ ബഡ്ജറ്റ് വകുപ്പിൽ ഉൾപ്പെടുത്തി 20 കോടി രൂപ അനുവദിച്ചു. ഇൗവർഷം മാർച്ചിലായിരുന്നു നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചത്. പ്രതികൂല കാലാവസ്ഥ കാരണം നിർമ്മാണം അനിശ്ചിതമായി നീളുകയായിരുന്നു. മഴമാറിയതോടെ നിർമ്മാണം ആരംഭിക്കാനുള്ള നീക്കത്തിലാണ്. 9 കിലോമീറ്ററിൽ 7 കിലോമീറ്റർ ഭാഗത്തെ ബി. സി നിർമ്മാണം പൂർത്തിയായി. ശേഷിക്കുന്ന രണ്ട് കിലോമീറ്റർ ഭാഗത്തെ പണികളും ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.തൊട്ടുപിന്നാലെ 3 സെന്റീമീറ്റർ കനത്തിൽ ബി. സി നിലവാരത്തിലുള്ള ടാറിംഗിനും തുടക്കമാകും. റോഡിൽ ജലനിർഗമനത്തിലായി 22 കലുങ്കുകളും മതിയായ ഒാടകളും നിർമ്മിച്ചു.

നീളം : 9 കിലോമീറ്റർ,

നിർമ്മാണ ചെലവ് : 20 കോടി

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 5 കിലോമീറ്റർ ഭാഗത്തെ വീതി : 5.50 മീറ്റർ

പ്ളാന്റേഷൻ അതിർത്തിയിലെ 4 കിലോമീറ്റർ ഭാഗത്തെ വീതി : 3.80 മീറ്റർ.