 
പത്തനംതിട്ട : ഹൈടെക് ആകാൻ ആറൻമുള പൊലീസ് സ്റ്റേഷൻ. നിർമ്മാണം അവസാനഘട്ടത്തിലാണ്. ജില്ലയിലാദ്യമായാണ് ഹൈടെക് മോഡലിൽ പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. മൂന്ന് നില കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുക. ആദ്യ നില പൂർണമായും പാർക്കിംഗിനായി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടും മൂന്നും നിലയിലാണ് ഓഫീസ് കെട്ടിടത്തിന്റെ പ്രവർത്തനം. പ്രളയത്തേയും അതിജീവിക്കാൻ തക്ക രീതിയിലാണ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. 2018 ലെ പ്രളയത്തിൽ ആറൻമുള പൊലീസ് സ്റ്റേഷൻ പൂർണമായും മുങ്ങിയിരുന്നു. ഫയലുകളടക്കം അന്ന് നഷ്ടപ്പെട്ടു. ശേഷമാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മാണം ആരംഭിക്കുന്നത്. സർക്കാരിന്റെ പ്ലാൻ ഫണ്ട് പദ്ധതിയിലുൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. 2കോടി 90 ലക്ഷമാണ് നിർമ്മാണ ചെലവ്. നിലവിൽ വൈദ്യുതീകരണമടക്കം പൂർത്തിയായി. എസ്.ഐ, സി.ഐ ഓഫീസ് മുറി, വനിത, പുരുഷ ജീവനക്കാർക്ക് ഡ്രസ് മാറാനുള്ള സൗകര്യ, റിസപ്ഷൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ റൂം, വിശ്രമമുറി, സ്റ്റോർ എന്നിവയ്ക്കുള്ള ക്രമീകരണവും ഇവിടുണ്ട്. പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് പ്രത്യേക ഇരിപ്പിട സൗകര്യവുമുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാനും കമ്മിറ്റികൾക്കുമായി കോൺഫറൻസ് ഹാളും കെട്ടിടത്തിലുണ്ട്. ഇതൊടൊപ്പം ചുറ്റുമതിലും പണി തീർക്കും. ജനമൈത്രി പൊലീസ് സ്റ്റേഷന് ആവശ്യമായ ക്രമീകരണങ്ങളോടെയാണ് കെട്ടിടം പൂർത്തിയാക്കുക. ഇപ്പോൾ പണി 95% പൂർത്തിയായിട്ടുണ്ട്.
നിർമ്മാണ ചെലവ് 2കോടി 90 ലക്ഷം
-നിർമ്മാണ ചുമതല പത്തനംതിട്ട പി.ഡബ്യൂ.ഡിക്ക്
- ആകെ 52 ജീവനക്കാർ
-സ്ത്രീ, പുരുഷൻ, ട്രാൻസ്ജെൻഡർ എന്നിവർക്കായി പ്രത്യക സെല്ലുകൾ
-
"അടുത്ത വർഷം ആദ്യം തന്നെ ഉദ്ഘാടനം നടത്താനാണ് ശ്രമം. വേഗത്തിൽ തന്നെ പൂർത്തീകരിക്കും അവസാനഘട്ട പണികളാണ് ഇപ്പോൾ നടക്കുന്നത്. "
അഡ്മിനിസ്ട്രേറ്റിവ്
ഡി.വൈ.എസ്.പി