
ശബരിമല: മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ ശബരിമലയിലെ നടവരവ് 48 കോടി രൂപ കവിഞ്ഞു. അപ്പം, അരവണ വിറ്റുവരവും കാണിക്കയും ഉൾപ്പടെയുള്ള കണക്കാണിത്. അരവണ വിൽപ്പനയിലൂടെ 20 കോടി രൂപയും കാണിക്കയിലൂടെ 17 കോടി രൂപയും ലഭിച്ചു. അപ്പം വിൽപ്പനയിലൂടെ രണ്ടര കോടി രൂപയും അന്നദാന സംഭാവനയായി ഒരു കോടി രൂപയും ലഭിക്കുകയുണ്ടായി. പോസ്റ്റൽ പ്രസാദം, വഴിപാടുകൾ, മറ്റിനങ്ങളിലൂടെയാണ് ബാക്കി വരുമാനം. എട്ട് ലക്ഷത്തോളം തീർത്ഥാടകരാണ് ഇതുവരെ ദർശനം നടത്തിയത്. കൊവിഡിന് മുമ്പുള്ള 2019 കാലയളവിൽ 108 കോടിയായിരുന്നു ഈ കാലയളവിലെ വരുമാനം. 2020 ൽ ഇത് അഞ്ചു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയായി കുറഞ്ഞു. മണ്ഡലപൂജ അടുത്തതോടെ ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വെർച്വൽ ക്യൂ വഴി ദിവസവും 35 ,000 ത്തോളം തീർത്ഥാടകരാണ് എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച 40,000 തീർത്ഥാടകർ ദർശനത്തിനെത്തി.
പമ്പയിൽ ബലിപ്പുരകൾ സജീവമായി
ശബരിമല : പമ്പാസ്നാനം അനുവദിച്ചതോടെ ബലിപ്പുരകളും സജീവമായി. പമ്പയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെയാണ് കൂടുതൽ കടവുകളിൽ കൂടി സ്നാനത്തിന് അനുമതി നൽകിയത്. ഇതോടെ ബലി തർപ്പണത്തിനും തിരക്കേറി. ആഴമുള്ള ഇടങ്ങളിൽ അയ്യപ്പന്മാർ ഇറങ്ങാതിരിക്കാൻ നദിയിൽ കയർ കെട്ടി തിരിച്ചിരിക്കുകയാണ്.