lori
അപകടത്തിൽപ്പെട്ട ടാങ്കർ ലോറി

തിരുവല്ല: എം.സി റോഡിലെ തുകലശ്ശേരിയിൽ ടാങ്കർ ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. റോഡരികിലെ വീടിന്റെ കുറേഭാഗവും മതിലും അപകടത്തിൽ തകർന്നു. ലോറി ഡ്രൈവർ തമിഴ്‌നാട് തൂത്തുക്കുടി ഭൂപാളയപുരം സ്വദേശി എം.ആർ. തങ്കമോഹൻ (44) നാണ് പരിക്കേറ്റത്. തുകലശ്ശേരി ടയോട്ട ഷോറൂമിന് സമീപത്തെ കൊടുംവളവിൽ ഇന്ന്പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ നിസാര പരിക്കേറ്റ തങ്കമോഹൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ തോട്ടപ്പാലത്ത് വീട്ടിൽ രമ്യമോഹന്റെ വീടിന്റെ മുൻഭാഗവും മതിലും വാഹനം ഇടിച്ചുതകർത്തു. . 55000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. എം.സി. റോഡിൽ കൊടുംവളവുള്ള ഈ ഭാഗത്ത് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. രാത്രികാല യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിൽ ഭൂരിഭാഗവും. വ്യാപാര സ്ഥാപനങ്ങളുടെ വെളിച്ചം പോലുമില്ലാതെ ഈ ഭാഗത്ത് കൂരിരുട്ടാണ്. എം.സി.റോഡിലെ വഴി വിളക്കുകൾ തകരാറിലായതും അപകടങ്ങൾക്ക് കാരണമാകുന്നു.