പത്തനംതിട്ട : വന്യമൃഗ ശല്യത്തെ തുടർന്ന് ദുരിതത്തിലായ ജില്ലയിലെ മലയോര മേഖലയിൽ ജോസ് കെ.മാണി പര്യടനം നടത്താൻ തീരുമാനിച്ചു. കർഷകരേയും തൊഴിലാളികളേയും നേരിൽ കണ്ട് പരാതി സ്വീകരിക്കാനും നഷ്ടം സംബന്ധിച്ച കണക്കുകൾ ശേഖരിക്കുവാനുമാണ് പര്യടനം. റാന്നി, പെരുനാട്, ചിറ്റാർ, സീതത്തോട്, കോന്നി മേഖലകളിൽ 19ന് ജോസ് കെ. മാണിയുടെ സന്ദർശനം. കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ജീവൻ നഷ്ടമായവരുടെ വീടുകളും കൃഷിയിടങ്ങളും എം.പി സന്ദർശിച്ച് കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കും. സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ മലയോര മേഖലകളിലെ ദുരിത ജീവിതം നേരിട്ടറിഞ്ഞ് പാർലമെന്റൽ ഇതുസംബന്ധിച്ച പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജോസ് കെ. മാണി പത്തനംതിട്ടയിൽ എത്തുന്നത്. തുടർ നടപടികൾക്കായുള്ള വിവര ശേഖരണത്തിനായാണ് ഡിസംബർ 19ലെ പത്തനംതിട്ട സന്ദർശനമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു അറിയിച്ചു. കർഷകർക്കും കർഷക സംഘടനകൾക്കും അന്നേ ദിവസം എം.പിയെ നേരിൽ കണ്ട് വിവരങ്ങൾ കൈമാറാം.