ചെങ്ങന്നൂർ: വരട്ടാറിലെ പുത്തൻതോട് പാലത്തിനു പകരം കമുക് പാലം ! തിരുവൻവണ്ടൂർ നന്നാട് നിവാസികൾക്ക് ഇപ്പോൾ ആശ്രയം ഇൗ താത്കാലിക പാലമാണ്.
തിരുവൻവണ്ടൂർ- നന്നാട് ഈരടിച്ചിറ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 13നാണ് പുത്തൻതോട് പാലം പൊളിച്ചത്. പാലം പണി തീരുംവരെയുള്ള യാത്രയ്ക്കാണ് കരാറുകാരൻ രണ്ട് കമുക് തോടിന് കുറുകെയിട്ട് സംവിധാനമൊരുക്കിയത്. ഇതിലൂടെ യാത്രചെയ്ത പലരും നദിയിൽ വീഴുകയും ചെയ്തു.
പത്തനംതിട്ട , ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് നന്നാട്-ഈരടിച്ചിറ റോഡ്. പാലം ഇല്ലാതായതോടെ ആലപ്പുഴജില്ലയിലെ തിരുവൻവണ്ടൂർ, ഇരമല്ലിക്കര, പ്രയാർ, പാണ്ടനാട്, കല്ലിശേരി എന്നിവിടങ്ങളിലേക്ക് പത്തനംതിട്ട ജില്ലയിലെ കുറ്റുർ പഞ്ചായത്തിലെ തെങ്ങേലി, ഈരടിച്ചിറ, തലയാർ, വെൺപാല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബുദ്ധിമുട്ടിലായത്. മറ്റുവഴികളിലൂടെ ആറുകിലോമീറ്റർ അധികയാത്ര ചെയ്‌തെങ്കിലെ ഇരുഭാഗത്തേക്കും ഇപ്പോൾ എത്താൻ കഴിയു. സ്വകാര്യ , കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പടെ ഇതുവഴി സർവീസ് നടത്തിയിരുന്നു. കൂടുതൽ പണം മുടക്കി മറ്റുവഴികൾ തേടേണ്ട സ്ഥിതിയിലാണ് ജനം. നന്നാട് ഈരടിച്ചിറ, കുറ്റൂർ പഞ്ചായത്തിലെ തെങ്ങേലി, കുറ്റൂർ, തലയാർ എന്നിവിടങ്ങളിൽ നിന്ന്
തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് നിരവധി വിദ്യാർത്ഥികളാണ് എത്തുന്നത്. പാലം ഇല്ലാതായതോടെ ഇവർ ഒരു ഭാഗത്തേക്ക് മാത്രം ആറ് കിലോമീറ്റർ അധികമായി സഞ്ചരിക്കേണ്ടി വരുന്നു. കൂടുതൽ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു.
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 5.70 കോടി മുടക്കിയാണ് റോഡ് നിർമ്മിക്കുന്നത്. മെച്ചപ്പെട്ട
താത്കാലിക യാത്രാസംവിധാനം ഒരുക്കാതെ പാലം പൊളിച്ച നടപടിക്കെതിരെ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
ബണ്ട് റോഡ് നിർമ്മിക്കുമെന്ന് പഞ്ചായത്ത്
പുത്തൻതോട് പാലം പൂർണമായി പൊളിച്ചശേഷം ബണ്ട് റോഡ് നിർമ്മിച്ച് ചെറുവാഹനങ്ങൾ ഉൾപ്പടെ കടന്നുപോകാൻ സംവിധാനമൊരുക്കുമെന്ന് വാർഡ് അംഗം കെ.ആർ രാജ് കുമാർ പറഞ്ഞു. ബണ്ട് റോഡ് നിർമ്മിച്ചശേഷം മാത്രമേ പാലം പൊളിച്ചുമാറ്റാവു എന്ന് നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ പാലം പൊളിക്കുമ്പോൾ സമീപത്തുകൂടിയാത്ര ചെയ്യുന്നവർക്ക് ചീളുകൾ തെറിച്ച് അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ബണ്ട് റോഡിന്റെ നിർമ്മാണം മാറ്റിവച്ചതെന്ന് രാജ് കുമാർ പറഞ്ഞു