ചെങ്ങന്നൂർ: ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യ ഉൾപ്പടെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ ലെനിനെതിരെ മറ്റു സ്ഥലങ്ങളിലും കേസുകൾ. കൊച്ചിയിലടക്കം നാലു കേസുകൾ കൂടി പ്രതിക്കെതിരെയുണ്ട്. നിലവിൽ ചെങ്ങന്നൂർ പൊലീസ് പരിധിയിൽ മാത്രം എട്ടു കേസുകളിലായി 1.6 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. പന്തളം കുരമ്പാല മുട്ടത്ത് നടയ്ക്കാവ് പുത്തൻവീട്ടിൽ ലെനിൻ മാത്യുവടക്കം ആറു പ്രതികളാണ് തട്ടിപ്പു കേസിലുൾപ്പെട്ടിട്ടുള്ളത്.രണ്ടാംപ്രതിയായ ലെനിനെ കഴിഞ്ഞ ദിവസം റിമാൻഡു ചെയ്തിരുന്നു. ഒന്നാം പ്രതി സനു എൻ. നായർ, രാജേഷ്‌കുമാർ എന്നിവർ നേരത്തെ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇവർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. മൂന്നു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ലെനിൻ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് മലേഷ്യയിലേക്കു കടക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്.
എഫ്.സി.ഐ. കൺസൾട്ടീവ് കമ്മിറ്റിയുടെ മുൻ നോൺ ഒഫീഷ്യൽ മെമ്പറായി പ്രവർത്തിച്ചിരുന്ന ലെനിൻ , ക്ലാർക്കു മുതൽ എൻജിനിയർ വരെയുള്ള തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്. 20 ലക്ഷം വരെ നഷ്ടപ്പെട്ടവർ പരാതിക്കാരായുണ്ട്. പണം കിട്ടുമെന്ന പ്രതീക്ഷയിൽ പരാതി നൽകാതിരുന്ന പലരും ഇനി രംഗത്തുവന്നേക്കാം. ലെനിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാർ ഉന്നയിക്കുന്നത്. കോടതി റിമാൻഡ് ചെയ്ത ലെനിനെ കസ്റ്റയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് ചെങ്ങന്നൂർ പൊലീസ് പറഞ്ഞു.