kodiyet
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് കൊടിയേറ്റുന്നു.


തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ടുനോമ്പ് മഹോത്സവത്തിന് കൊടിയേറി. 27ന് ആറാട്ടോടെ സമാപിക്കും. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും വായ്ക്കുരവയുടെയും അകമ്പടിയോടെ ക്ഷേത്രതന്ത്രി ഒളശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ചമയകൊടിയേറ്റും തൃക്കൊടിയേറ്റും നടന്നു. ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. എല്ലാ ദിവസവും നിർമ്മാല്യദർശനം, സൂക്തജപം, ഉഷ:പൂജ, വിശേഷാൽ പൂജകൾ, ശ്രീബലി, ഉച്ചപൂജ, പ്രസാദം ഊട്ട് എന്നിവ ഉണ്ടായിരിക്കും. ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പ്രസിദ്ധമായ നാരീപൂജ ഇന്ന് നടക്കും. മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ വനവാസി മുത്തശി പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ പാദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. അനുബന്ധ പൂജകളും സമർപ്പണങ്ങളും ഭക്തജനങ്ങളുടെ പാദപൂജയും ക്ഷേത്ര മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി ദുർഗാദത്തൻ നമ്പൂതിരി എന്നിവർ നിർവഹിക്കും. ക്ഷേത്രത്തിലെ നിത്യപൂജകൾക്ക് ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവർ കാർമ്മികരാകും. സാംസ്കാരിക സമ്മേളനം പ്രൊഫ.അമ്പലപ്പുഴ ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവല്ല നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും.അഡ്മിനിസ്ട്രേറ്റർ അഡ്വ. കെ.കെ.ഗോപാലകൃഷ്ണൻ നായർ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്,വാർഡ് മെമ്പർ കൊച്ചുമോൾ ഉത്തമൻ,സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ പ്രസംഗിക്കും.