jagritha

പത്തനംതിട്ട : സ്ത്രീകൾക്കും കുട്ടികൾക്കുമായി വനിതാകമ്മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ജാഗ്രതാസമിതിയുടെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചു. ജാഗ്രതാസമിതി കൊവിഡുമായി ബന്ധപ്പെട്ട സമിതിയാണെന്നാണ് പല മെമ്പർമാരും ധരിച്ച് വച്ചിരിക്കുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്ന പരിഹാരത്തിനായി വാർഡ് മുതൽ ജില്ലാ പഞ്ചായത്ത് വരെ നടപ്പാക്കുന്ന പദ്ധതിയാണിത്. വാർഡിൽ മെമ്പറും പഞ്ചായത്തിൽ പ്രസിഡന്റും ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റിനുമാണ് ജാഗ്രതാ സമിതിയുടെ ചുമതല.

2007 ലാണ് ജാഗ്രതാ സമിതികൾക്ക് കൃത്യമായ മാർഗരേഖ ഉണ്ടാകുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിൽ 53 പഞ്ചായത്തും 4 മുനിസിപ്പാലിറ്റിയുമാണുള്ളത്. ഇവിടങ്ങളിലൊന്നും നിലവിൽ ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നില്ല. ഗാർഹികാതിക്രമകേസുകളും പോക്സോ കേസുകളും ജില്ലയിൽ ദിനംപ്രതി വർദ്ധിച്ച് വരുന്നുണ്ട്. എന്നിട്ടും ജനങ്ങളുമായി ഏറ്റവും അടുത്ത് സംവദിക്കാൻ സാധിക്കുന്ന ജാഗ്രതാ പദ്ധതികൾ അവഗണിക്കപ്പെടുകയാണ്.

ജാഗ്രതാ പദ്ധതിയുടെ ലക്ഷ്യം

സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക

അതിക്രമം കണ്ടാൽ സ്വമേധയാ പരാതി എടുക്കുക

പ്രശ്നങ്ങൾ ഉണ്ടാകാത്ത അന്തരീക്ഷം സൃഷ്ടിക്കുക

മുഖ്യധാരയിലെ സ്ത്രീ പങ്കാളിത്തം കണ്ടെത്തുക

നിയമസഹായം നൽകുക

പ്രത്യേകത

വളരെ വേഗത്തിൽ പ്രശ്ന പരിഹാരം

പരാതികളുടെ രഹസ്യ സ്വഭാവം കാക്കുക

കൗൺസലിംഗ് സൗകര്യം ഒരുക്കുക

കക്ഷികൾക്ക് ചെലവ് വരുന്നില്ലെന്ന് ഉറപ്പാക്കുക

"പദ്ധതി കാര്യക്ഷമമായല്ല നടക്കുന്നത്. ചില ജനപ്രതിനിധികളുടെ അലംഭാവവും ഇതിലുണ്ട്. പലർക്കും പദ്ധതിയെന്തെന്ന് അറിയില്ല. ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും. "

ഓമല്ലൂർ ശങ്കരൻ

(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

കഴിഞ്ഞ മാസം വരെ

പോക്സോ കേസുകൾ : 13

അതിക്രമ കേസുകൾ : 128