പത്തനംതിട്ട: കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റുചെയ്ത ഓമല്ലൂർ വില്ലേജ് ഓഫീസർ എസ്.കെ. സന്തോഷ് കുമാറിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. സന്തോഷ്‌ കുമാറിനെ തിരുവനന്തപുരം വഞ്ചിയൂർ വിജിലൻസ് കോടതി 31 വരെ റിമാൻഡ് ചെയ്തു. വസ്തു പോക്കുവരവ് നടത്തുന്നതിന് വാഴമുട്ടം സ്വദേശിയുടെ പക്കൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുമ്പോൾ വ്യാഴാഴ്ച വൈകിട്ട് 4. 30 നാണ് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായത്. മാതാവിന്റെ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് മാറ്റാൻ വസ്തു പോക്കുവരവ് ചെയ്തുകിട്ടാൻ വേണ്ടിയാണ് വാഴമുട്ടം സ്വദേശി വില്ലേജ് ഓഫീസിൽ ചെന്നത്. എന്നാൽ പ്രമാണത്തിൽ അവ്യക്തതകൾ ഉണ്ടെന്നും പണം തന്നാൽ സാധിച്ചു തരാമെന്നും പറയുകയായിരുന്നു. തുടർന്ന് പത്തനംതിട്ട വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോയിൽ പരാതിപ്പെടുകയായിരുന്നു.
സന്തോഷ് കുമാറിന്റെ കിടങ്ങന്നൂരിലെ വീട്ടിലും വ്യാഴാഴ്ച വൈകിട്ട് റെയ്ഡ് നടന്നിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വിജിലൻസ് വ്യക്തമാക്കിയിട്ടില്ല.