പത്തനംതിട്ട : സി.ജെ.എം കോടതിയിൽ വിധി കാത്തിരിക്കെ കുഴഞ്ഞുവീണ ഗാർഹിക പീഡനകേസ് പ്രതി ആശുപത്രിയിൽ മരിച്ചു. ആറൻമുള കോഴിപ്പാലം തളിക്കാട്ട് മോടിയിൽ ടി.പി ബിജു (43) ആണ് മരിച്ചത്. ആറുമാസമായി ആലപ്പുഴ ജില്ലാ ജയിലിലായിരുന്നു. ഇന്നലെ രാവിലെ വിചാരണയ്ക്ക് ശേഷം കോടതി വരാന്തയിലിരുന്ന ഇയാൾ ഉച്ചയ്ക്ക് 1.45 ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചോര ഛർദിക്കുകയായിരുന്നു. ഉടൻ പൊലീസ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബിജു മദ്യപിച്ച് ഭാര്യയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വിസ്താരത്തിനിടെ പ്രതിയിൽ നിന്ന് വിവാഹമോചനം വേണമെന്ന് ഭാര്യ അഞ്ജലി ആവശ്യപ്പെട്ടിരുന്നു. വിവാഹമോചനത്തിന് പ്രതി ഒപ്പുവയ്ക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം വിധി പറയാനിരിക്കുകയായിരുന്നു. ഇവർക്ക് രണ്ടുമക്കളുണ്ട്.