 
തിരുവല്ല: നിലവാരമുയർത്തി നിർമ്മിച്ച കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ രണ്ടാംഘട്ടമായി ഇന്റർലോക്ക് ടൈലുകൾ വിരിച്ച് നടപ്പാത ഒരുക്കുന്ന ജോലികൾ തുടങ്ങി. കാവുംഭാഗം മുതലാണ് ജംഗ്‌ഷനുകൾ കേന്ദ്രീകരിച്ച് നിർമ്മാണ ജോലികൾ ആരംഭിച്ചത്. കാവുംഭാഗം ജംഗ്‌ഷൻ കൂടാതെ അഴിയിടത്തുചിറ, വേങ്ങൽ, ഇടിഞ്ഞില്ലം എന്നിവിടങ്ങളിലും റോഡിലെ വീതികുറഞ്ഞ ഭാഗങ്ങളിലുമാണ് ടൈലുകൾ വിരിയ്ക്കുന്നത്. 10 മീറ്ററിൽ ടാറിംഗ് കഴിഞ്ഞുള്ള ഭാഗങ്ങളിൽ ആഴത്തിൽ കുഴിയെടുത്ത് മെറ്റൽ വിരിക്കുന്ന ജോലികൾ ആരംഭിച്ചു. തുടർന്ന് മെറ്റൽ ചിപ്സ് വിരിച്ചശേഷം മുകളിൽ ഇന്റർലോക്ക് ടൈലുകൾ ഉറപ്പിക്കും. അഞ്ചു കിലോമീറ്റർ ദൂരമുള്ള കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് എം.സി റോഡിനെയും മാവേലിക്കര റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപ്പാസായാണ് യാത്രക്കാർ ഉപയോഗിക്കുന്നത്. ചങ്ങനാശേരി ഭാഗത്തുനിന്നും തിരുവല്ലയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണ്.വാഹനങ്ങൾ ഇതുവഴി പോകുമ്പോൾ തിരുവല്ല നഗരത്തിലെ ഗതാഗത തിരക്കിനും കുറവുണ്ടായി.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 17കോടി ചെലവഴിച്ചു പാലാത്ര കൺസ്ട്രക്ഷനാണ് നിർമ്മാണ ചുമതല.
വഴിമുടക്കി പോസ്റ്റുകൾ നീക്കിയില്ല
രണ്ടുവർഷം മുമ്പ് തുടങ്ങിയ കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തിയിട്ടും വഴിമുടക്കികളായി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ നീക്കിയിട്ടില്ല. പോസ്റ്റുകൾ റോഡരുകിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനായി കിഫ്‌ബി പണം കെ.എസ്.ഇ.ബി.ക്ക് കൈമാറിയെങ്കിലും പോസ്റ്റ് നീക്കം ആരംഭിച്ചിട്ടില്ല.റോഡിന് വീതി കൂട്ടിയതിനാൽ പോസ്റ്റുകൾ പലയിടത്തും യാത്രക്കാർക്ക് അപകടഭീഷണിയായി നിലകൊള്ളുകയാണ്.
..............
റോഡിലെ നൂറോളം പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനുണ്ട്.ഇവിടെ സ്ഥാപിക്കാനുള്ള പോസ്റ്റുകൾ എത്തിച്ചേരാനുണ്ട്. വൈകാതെ പോസ്റ്റുകളെല്ലാം മാറ്റി സ്ഥാപിക്കും.
(കെ.എസ്.ഇ.ബി അധികൃതർ)
.............
- നിർമ്മാണച്ചെലവ് 17കോടി