nareepooja
ചക്കുളത്തുകാവിൽ നാരീപൂജയോടനുബന്ധിച്ച് ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയുടെയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ വനവാസി മുത്തശ്ശി പദ്‌മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ പാദപൂജ ചെയ്യുന്നു

തിരുവല്ല: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ നാരീപൂജ ഭക്തിസാന്ദ്രമായി. വനവാസി മുത്തശി പദ്‌മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ പാദം കഴുകി ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നാരീപൂജ നിർവഹിച്ചു. ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു . അനുബന്ധ പൂജകളും സമർപ്പണങ്ങളും ഭക്തജനങ്ങളുടെ പാദപൂജയും ക്ഷേത്ര മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ നിർവഹിച്ചു. ക്ഷേത്രത്തിലെ നിത്യപൂജകൾക്ക് ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവർ കാർമ്മികരായി. ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സ്ത്രീയെ ദേവിയായി സങ്കൽപ്പിച്ച് പൂജിച്ചുകൊണ്ട് സ്ത്രീയിൽ ദൈവാംശം കൽപ്പിക്കുകയാണെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച ഇക്കാലത്ത് നാരീപൂജയുടെ പ്രസക്തിയേറിയെന്നും രാധാകൃഷ്ണൻ നമ്പൂതിരി പറഞ്ഞു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരികസമ്മേളനം അമ്പലപ്പുഴ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ മുഖ്യാതിഥിയായി. ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റർ അഡ്വ.കെ.കെ. ഗോപാലകൃഷ്ണൻ നായർ,ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്, സത്യൻ, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ പ്രസംഗിച്ചു.