ചെങ്ങന്നൂർ: ഒരുകാലത്ത് പേരുകേട്ട തിരുവൻവണ്ടൂർ പതിയൻ ശർക്കര പൂർവകാല പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു. പ്രളയത്തിനും വെള്ളപ്പൊക്കത്തിനും ശേഷം കർഷകർ നട്ടുവളർത്തിയ കരിമ്പിന്റെ വിളവെടുപ്പ് ആരംഭിച്ചു. പ്രതിസന്ധി നിറഞ്ഞതായിരുന്നു കൃഷിയെങ്കിലും വിളവെടുപ്പിന് അനുകൂലമായി കാലവസ്ഥ മാറിയത് ആശ്വാസമായി. ജില്ലയിൽ ചെങ്ങന്നൂരിനു പുറമെ പന്തളം, തിരുവല്ല ഭാഗങ്ങളിലാണ് പ്രധാനമായും കരിമ്പു കൃഷിയുള്ളത്. തിരുവൻവണ്ടൂർ പാടശേഖരത്തിലെ 40 ഏക്കറോളം വരുന്ന കൃഷിയിടത്തിലെ വിളവെടുപ്പാണ് തുടങ്ങിയത്.
മൂന്നു ദശാബ്ദങ്ങൾക്കു മുമ്പ് 2400 ഏക്കറിലുണ്ടായിരുന്ന കരിമ്പ് കൃഷി ഇത്തവണ രണ്ടു ജില്ലകളിലായി 480 ഏക്കറിലാണുള്ളത്. പന്തളം, പുളിക്കീഴ് ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ഷുഗർ ഫാക്ടറി നിറുത്തിയതും കേവു വളളങ്ങൾ സഞ്ചരിച്ചിരുന്ന ജലസമൃദ്ധമായ തോടുകൾ വൻതോതിൽ കൈയേറി നികത്തിയതും മദ്ധ്യതിരുവിതാംകൂറിൽ കൃഷിയെ പിന്നോട്ടടിച്ചു. ഒരു ടൺ തലക്കത്തിന് (നടീൽ നാമ്പ്) 6,100 രൂപയാണ് വില. ഏക്കറിന് 7,500 രൂപ മാത്രമാണ് സബ്‌സിഡി. ഒരു ഏക്കറിലേക്ക് 2.9 ടൺ തലക്കം വേണ്ടിവരും. ഹെക്ടറിന് ഏഴുടൺ. ഒരു ഹെക്ടർ (2.4 ഏക്കർ) കരിമ്പു കൃഷിചെയ്ത് ശർക്കരയാക്കി മാറ്റാൻ കൂലിച്ചെലവടക്കം രണ്ടുലക്ഷം രൂപ ചെലവു വരുമെന്ന് കർഷകർ പറയുന്നു. ഒരു തവണത്തെ വിളവെടുപ്പിന് ശേഷമുള്ള കരിമ്പിൻ കുറ്റിയിൽ നിന്നാണ് രണ്ടാം തവണയും മൂന്നാം തവണയും കൃഷി ചെയ്യുന്നത്. ഈ വിളവെടുപ്പാണ് കർഷകർക്ക് ലാഭകരമായി മാറുന്നത്. വെളളപ്പൊക്കം ഉണ്ടാകുന്നതോടെ ഈ വിളവെടുപ്പ് അസാദ്ധ്യമാകും. ഇതാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി.
മാധുരി പ്രിയതരം
25 വർഷമായി കർഷകർ മാധുരി എന്ന ഇനമാണ് കരിമ്പു കൃഷിക്കുപയോഗിക്കുന്നത്. ഒരു മാസം വരെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനും ചെഞ്ചീയൽ രോഗം ചെറുക്കാനുമുള്ള കഴിവ് ഇതിനുണ്ട്. 2015ൽ അഭയ്, ആരോമൽ എന്നീ രണ്ടിനങ്ങൾ പരീക്ഷിച്ചിരുന്നു. എന്നാൽ കർഷകർക്ക് പ്രിയം മാധുരിയോടാണ്. ഒരു ഹെക്ടർ കരിമ്പിൽ നിന്ന് ഏഴ് ടൺ പതിയൻ ശർക്കര കിട്ടും. മൊത്തവില കിലോയ്ക്ക് നൂറ്റിപ്പത്തും ചില്ലറ വില 140 രൂപ വരെയുമാണ്. കരിമ്പിൻ നീര് സംസ്കരിച്ച് ശർക്കര, ശർക്കരപ്പാനി, ഉണ്ടശർക്കര, ചുക്കുണ്ട എന്നിവയും കരിമ്പിൻ ജൂസും വില്പനക്കായി തയ്യാറാക്കുന്നുണ്ട്.
കരിമ്പുകൃഷിക്ക് ആവശ്യമായ പരിഗണനയും പ്രോത്സാഹനവും ലഭിക്കാത്തതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തവണ 40 ഏക്കറിലാണ് കൃഷി ഇറക്കിയത്. കാലത്തിനനുസരിച്ച് പുതിയ ഇനം കരിമ്പുകൾ ഉത്പാദിപ്പിക്കപ്പെടണം. ഇതിനായി ശാസ്ത്രീയ ഗവേഷണം അനിവാര്യമാണ്. മുട്ട് അകലം കൂടുതലും അധികം പൂക്കാത്തതുമായ നല്ലയിനം തലക്കം വേണം. കരിമ്പ് കർഷകർക്കും നെല്ല് കർഷകർക്ക് തുല്യമായ പരിഗണന നൽകണം
അനിൽ അമ്പാടി ( കരിമ്പ് കർഷകൻ)
@ 2400ലെ കൃഷി ഇപ്പോൾ 480 ഏക്കറിൽ മാത്രം