bjp
ലൈഫ് പദ്ധതി സർവ്വേ പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജനപ്രതിനിധികൾ മുളക്കുഴ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയപ്പോൾ

ചെങ്ങന്നൂർ: ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സർവേ നടപടികൾ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് മുളക്കുഴ പഞ്ചായത്തിൽ ബി.ജെ.പി ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി. തദ്ദേശ, കൃഷി വകുപ്പുകളുടെ പരസ്പരവിരുദ്ധമായ ഉത്തരവുകൾ നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം മൂലം പഞ്ചായത്തിലെ സർവേ അനിശ്ചിതത്വത്തിലാണെന്ന് അവർ പറഞ്ഞു. ഈ മാസം 20 ന് പൂർത്തിയാക്കേണ്ട സർവേ പല വാർഡുകളിലും ആരംഭിച്ചിട്ടില്ല. പഞ്ചായത്തിൽ സർവേ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി ജനപ്രതിനിധികൾ കുത്തിയിരുപ്പ് സമരം നടത്തിയത്. പാർലമെന്ററി പാർട്ടി ലീഡർ പ്രമോദ് കാരയ്ക്കാട്, ജനപ്രതിനിധികളായ പുഷ്പകുമാരി, പ്രിജിലിയ, സ്മിത വട്ടയത്തിൽ എന്നിവർ സമരത്തിൽ പങ്കെടുത്തു. സമരത്തിന് ഐക്യദാർഢ്യവുമായി ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, പഞ്ചായത്ത് പ്രസിഡന്റ് അനൂപ് പെരിങ്ങാല, ജനറൽ സെക്രട്ടറി പി.ബി രായേന്ദ്രൻ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ.ആർ അനന്തൻ, സുനിൽകുമാർ എന്നിവരും പങ്കെടുത്തു.