st
ss

കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിലും സ്റ്റേഡിയമുണ്ട്. ആ‌ർക്കും പ്രയോജനമില്ലാതെ കിടക്കുന്ന സ്ഥലം. കാട് വളർന്നു നിൽക്കുകായാണ് ഇവിടെ. പലയിടത്തും കാൽ പുതഞ്ഞുപോകുന്ന ചെളി. മാലിന്യ പ്ലാന്റ്, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, കൃഷി ഭവൻ, പഞ്ചായത്ത് ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ് , ജില്ലാ ടൂറിസം ഓഫീസ് തുടങ്ങിയവ സ്റ്റേഡിയത്തിനുള്ളിലാണ്. ബാക്കിസ്ഥലം അനാഥമായി കിടക്കുകയാണ്. 2006ലാണ് സ്റ്റേഡിയം ആരംഭിച്ചത്.

പാഷൻ ഫ്രൂട്ട് ചെടി വളർന്നുനിൽക്കുകയാണ് പലയിടത്തും. സ്റ്റേജിനകം തകർന്നു കിടക്കുകയാണ്. മുമ്പ് നിരവധി പരിപാടികൾ നടന്നിരുന്ന സ്റ്രേഡിയമാണിത്. 2018 ലെ പ്രളയത്തിന് ശേഷം കനത്ത മഴ പെയ്താൽ ഇവിടെ വെള്ളം കയറും. പ്രളയത്തിനുശേഷം ഒരു കൺവെൻഷനും പുഷ്പമേളയും നടന്നതല്ലാതെ മറ്റുപരിപാടികൾ നടന്നിട്ടില്ല. . സമീപത്തെ മാലിന്യ പ്ലാന്റ് കാരണം പരിപാടികൾ നടത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് പരാതിയുണ്ട്.

ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനായി മണ്ണെടുത്തപ്പോൾ അത് കൊണ്ടിട്ടത് സ്റ്റേഡിയത്തിലാണ്. ഇതോടെ ചെളിക്കുളമായി മാറി സ്റ്റേഡിയം.

പ്രവേശന കവാടത്തിലേക്കുള്ള റോഡ് പൂർണമായും തകർന്നു. കല്ലുകളിളകി കുഴികൾ നിറഞ്ഞ ഇതുവഴി സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഇൗ റോഡിലൂടെ വേണം പോകേണ്ടത്. വെള്ളം കയറുന്ന സ്ഥലമായതിനാൽ ഇവിടെ ഇനി നവീകരണ പരിപാടികളൊന്നും നടക്കില്ലെന്ന നിലപാടിലാണ് അധികൃതർ.

"മാലിന്യ പ്ലാന്റ് വന്നതോടെ മറ്റ് പരിപാടികളൊന്നും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളം കയറുന്ന സ്ഥലമായതിനാൽ മണ്ണിട്ട് ഉയർത്തി ഇൻഡോർ സ്റ്റേഡിയം പണിയാനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ട്. നവീകരണത്തിനായി പുതിയ പ്ലാൻ തയ്യാറാക്കുന്നുണ്ട്. "

ജിജി വർഗീസ്

കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്