f

പന്തളം: ചേരിക്കൽ ത്രീസ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ വിശപ്പുരഹിത പന്തളം പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി പന്തളം ജംഗ്ഷനിൽ ഭക്ഷണക്കൂട് സ്ഥാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഭക്ഷണക്കൂട് ഉദ്ഘാടനം ചെയ്യും. പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ്, സ്ഥിരം സമിതി അദ്ധ്യക്ഷ രാധാ വിജയകുമാർ, കൗൺസിലർമാരായ ടി.കെ. സതി, എസ്. അരുൺ, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോഓർഡിനേറ്റർ ബിബിൻ അടൂർ തുടങ്ങിയവർ പങ്കെടുക്കും.
ഹോട്ടലുകൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെയാണ് ഭക്ഷണക്കൂട് പ്രവർത്തിക്കുക. ജംഗ്ഷനിലെ പൊലീസ് സഹായതാ കേന്ദ്രത്തിന് സമീപമാണ് ഭക്ഷണക്കൂട് സ്ഥാപിക്കുക. ബിസ്‌കറ്റ്, ലഘു ഭക്ഷണം, ഊണ്, പഴവർഗങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യയോഗ്യമായ എന്തും ഭക്ഷണക്കൂടിൽ നിക്ഷേപിക്കാം. ആവശ്യമുള്ളവർക്ക് ഇതിൽ നിന്ന് സ്വയം എടുക്കാം. രാവിലെ 7 മുതലാണ് ഭക്ഷണക്കൂടിന്റെ പ്രവർത്തനം . പ്രഭാത ഭക്ഷണം ഉൾപ്പെടെയുള്ളവ ഭക്ഷണക്കൂട്ടിൽ ഉണ്ടായിരിക്കും.
ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടുന്നവരുടെ വിശപ്പടക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ത്രീസ്റ്റാർ സെക്രട്ടറി പ്രമോദ് കണ്ണങ്കര പറഞ്ഞു.
ക്ലബ് പ്രസിഡന്റ് നിബിൻ രവീന്ദ്രൻ, ഭക്ഷണക്കൂട് കോഓർഡിനേറ്റർ സബിൻ വാസുദേവ്, ഉല്ലാസ് കുമാർ എം.കെ, ഷൈജു ഭാസ്‌കർ, അഭിലാഷ് പനിക്കുഴത്തിൽ, ശ്രീജിൻ പി.ആർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു