പ്രമാടം : ആറ് മാസത്തിനിടെ അഞ്ച് വെള്ളപ്പൊക്കങ്ങൾ സർവതും കവർന്നെടുത്ത വള്ളിക്കോട് - വേട്ടക്കുളം പാടശേഖരത്തിൽ കർഷകർ വീണ്ടും പ്രതീക്ഷയുടെ വിത്തെറിഞ്ഞു. അപ്രതീക്ഷിത പേമാരികളിൽ അച്ചൻകോവിലാർ കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയും മടവീണും അഞ്ച് തവണയാണ് ഇവിടെ നെൽകൃഷി നശിച്ചത്. കാലാവസ്ഥ അനുകൂലമായതോടെ ഇത്തവണയെങ്കിലും വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മേഖലയിൽ 500 ഏക്കറോളം പാടശേഖരങ്ങളുണ്ട്. വേട്ടക്കുളം, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ് തുടങ്ങിയവയാണ് പ്രധാന പാടശേഖരങ്ങൾ. കഴിഞ്ഞ വർഷം മെച്ചപ്പെട്ട വിളവ് ലഭിച്ചതിന്റെ ആഹ്ളാദത്തിൽ കർഷകർ കഴിഞ്ഞ സെപ്റ്റംബറിൽ പാടങ്ങൾ ഒരുക്കിയെടുത്തിരുന്നു.കാളകളെ ഇറക്കിയാണ് ഉഴുതത്. കൃഷിഭവനിൽ നിന്നും നൽകിയ ഉമ വിത്താണ് വിതച്ചത്. ഒക്ടോബറിൽ വിത നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും വെള്ളപ്പൊക്കവുമായി. വെള്ളം കയറി വിത പൂർണമായി നഷ്ടപ്പെട്ടു. വീണ്ടും ട്രാക്ടറുകളും ട്രില്ലറും ഉപയോഗിച്ചാണ് പാടശേഖരങ്ങൾ ശരിയാക്കിയത്. വിത നടത്തി ദിവസങ്ങൾ കഴിഞ്ഞതോടെ വീണ്ടു മഴയും വെള്ളപ്പൊക്കവുമുണ്ടായി. നെൽ ചെടികൾ നഷ്ടമായി. ഇതിനു മുമ്പ് ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ഒരു വിത നടത്തിയവരുണ്ട്. അവർക്കും നഷ്ടം സംഭവിച്ചു.
വിലകൊടുത്തുവാങ്ങിയ നെൽവിത്തുകൾ
ഇത്തവണ ട്രില്ലറുകളുടെ സഹായത്തോടെയാണ് പാടങ്ങൾ ഒരുക്കിയെടുത്തത്. വിളവ് കാലം കുറഞ്ഞ ജ്യോതി വിത്താണ് ഇത്തവണ വിതച്ചിരിക്കുന്നത്. കൃഷിഭവനിൽ വിത്ത് ലഭ്യമല്ലാതിരുന്നതിനാൽ കർഷകർ വില കൊടുത്താണ് ഇത്തവണ നെൽവിത്ത് വാങ്ങിയതാണ്. 110 ദിവസങ്ങൾക്കുള്ളിൽ വിളവ് എടുക്കാൻ കഴിയുന്ന വിത്താണിത്.
.............................
- വള്ളിക്കോട് പഞ്ചായത്തിൽ 500 പാടശേഖരങ്ങൾ
- ഇത്തവണ വിതച്ചിരിക്കുന്നത് ജ്യോതി ഇനം വിത്ത്
- 110 ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാം