കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമായി. 3.60 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന അരുവാപ്പുലം പഞ്ചായത്തുപടി പുളിഞ്ചാണി രാധപ്പടി റോഡ് നിർമ്മാണ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. പുളിഞ്ചാണി ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ തുടങ്ങിയവർ പങ്കെടുക്കും.തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അധീനതയിലുള്ള റോഡ് റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 3.60 കോടി രൂപ വകയിരുത്തിയാണ് നിർമ്മിക്കുന്നത്. റോഡിന്റെ വീതി കൂട്ടിയും വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിച്ചും കലുങ്കുകൾ നിർമ്മിച്ചും കോൺക്രീറ്റിലും ബി.എം ആൻഡ് ബി.സി, സാങ്കേതിക വിദ്യയിലുമാണ് റോഡ് നിർമ്മിക്കുന്നത്. അഞ്ചുവർഷം അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നത്.എട്ടു മാസമാണ് നിർമാണ കാലാവധി. വർഷങ്ങളായി അരുവാപ്പുലം പുളിഞ്ചാണി രാധപ്പടി റോഡിലെ യാത്രാ സൗകര്യം ദുരിതമായിരുന്നു. ജനീഷ് കുമാർ എം.എൽ.എ ആയതിനുശേഷം നിരന്തരമായി ഇടപെട്ടതിന്റെ ഭാഗമായാണ് റോഡ് നിർമ്മാണ പദ്ധതി യഥാർത്ഥ്യമാകുന്നത്. ഇതോടെ അരുവാപ്പുലം പഞ്ചായത്തിലെയും പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്തുകളിലെ കിഴക്കൻ മേഖലയിലുള്ളവർക്കും കോന്നി ടൗണിലും കോന്നി മെഡിക്കൽ കോളജിലും എത്തിച്ചേരുവാനുള്ള എളുപ്പ മാർഗമായി ഈറോഡ് മാറും. എട്ടു മാസമാണ് നിർമ്മാണ കാലാവധി.