പത്തനംതിട്ട : സീതത്തോട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് രാവിലെ 10.30ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിടും. 2.48 കോടി രൂപ മുടക്കി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കോട്ടമൺപാറ മേലേ കോട്ടമൺപാറ, പണ്ഡ്യൻപാറ റോഡിന്റെ നിർമാണോദ്ഘാടനവും നടക്കും. സീതത്തോട് ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ കെ.യു.ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി.ഈശോ തുടങ്ങിയവർ പങ്കെടുക്കും. സ്മാർട്ട് സീത്തോട് എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്ന പദ്ധതിയുടെ തുടക്കം കൂടിയാണ് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം. അമ്പതു വർഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയത് നിർമ്മിക്കുന്നത്. നാലു നിലയിലായി നിർമ്മിക്കുന്ന കോംപ്ലക്‌സിൽ ഓട്ടോ, ടാക്‌സി വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാവും. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഫെയ്‌സ് വൺ നിർമ്മാണത്തിന് ഈ വർഷം 80 ലക്ഷം രൂപ വിനിയോഗിക്കും. സംസ്ഥാന ഹൗസിംഗ് ബോർഡാണ് കെട്ടിടം നിർമ്മിക്കുന്നത്. സീതത്തോട് ജംഗ്ഷനിൽ തന്നെ വയോജന പാർക്കും നിർമ്മിക്കും. മത്സ്യ , മാംസ സ്റ്റാളുകളും, ടൂറിസം കേന്ദ്രങ്ങളും മാലിന്യ സംസ്‌കരണ സംവിധാനവും ശബരിമല ഇടത്താവളവും സ്മാർട്ട് സീതതോടിന്റെ ഭാഗമാണ്. പ്രളയത്തിൽ തകർന്ന നൂറു കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്.