 
അടൂർ : ചാത്തന്നൂപ്പുഴ ഭട്ടതൃക്കോവിൽ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിലെ പ്രതി പത്തനാപുരം വെട്ടിക്കവല പനവേലി ഇരണൂർ ഉമാനിലയം വീട്ടിൽ രമണൻ എന്നറിയപ്പെടുന്ന മോഹൻദാസിനെ (63) അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 14നായിരുന്നു കേസിനാസ്പദമായ സംഭവം. ചാത്തന്നൂപ്പുഴ ഭട്ടതൃക്കോവിൽ ക്ഷേത്രത്തിൽ മോഷണവും, വയല മാമ്പിലാവിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണ ശ്രമവും നടത്തി പ്രതി രക്ഷപെടുകയായിരുന്നു. ക്ഷേത്രഭാരവാഹികൾ അടൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ക്ഷേത്ര പരിസരങ്ങളിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളും, മുമ്പ് വഞ്ചി മോഷണ കേസുകളിൽ പ്രതികളായിട്ടുള്ള ആൾക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേണത്തിനൊടുവിൽ എഴുകോൺ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ അടൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ് ടി.ഡി,എസ്.ഐ മനീഷ്.എം, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, പ്രവീൺ, ഡ്രൈവർ സി.പി.ഒ സനൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.