തിരുവല്ല: കവിയൂരിലെ കണിയാമ്പാറയിൽ പൊലീസ് സംഘത്തെ കണ്ട് ഉപേക്ഷിച്ച കാറിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. കണിയാമ്പാറ ജംഗ്ഷന് സമീപത്ത് നിന്നും ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് കഞ്ചാവ് പിടികൂടിയത്. എതിർ ദിശയിൽ നിന്നും പൊലീസ് വാഹനം വരുന്നത് കണ്ട് കാർ ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത മാരുതി സ്വിഫ്റ്റ് കാർ തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്. കാറിന്റെ ഉടമ ചങ്ങനാശേരി സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കണിയാമ്പാറ സ്വദേശിക്ക് വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് നൽകിയതാണെന്നാണ് കാറുടമ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. കാർ വാടകയ്ക്കെടുത്ത കണിയാമ്പാറ സ്വദേശിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവല്ല സി.ഐ പറഞ്ഞു.