unniyappam-2
സന്നിധാനത്തെ പ്രസാദ കൗണ്ടറുകൾക്കു മുൻപിൽ ഉണ്ണിയപ്പത്തിനായി കാത്തുനിൽക്കുന്ന തീർത്ഥാടകർ

ശബരിമല : അധികകരാർ നൽകിയിട്ടും ഉണ്ണിയപ്പ നിർമ്മാണ പ്രതിസന്ധി ഒഴിയുന്നില്ല. തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ആവശ്യത്തിന് അപ്പം തയ്യറാക്കി നൽകാൻ കഴിയാതെ വന്നതോടെ കോടതി നിർദേശത്തെ തുടർന്ന് നിലവിലെ കരാറുകാരനെ നിലനിറുത്തിക്കൊണ്ട് തന്നെ ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം പുതിയ കരാർ നൽകിയിരുന്നു. ഒരു കൂട്ട് ഉണ്ണിയപ്പം തയ്യാറാക്കുന്നതിന് 850 രൂപയാണ് കരാറുകാരന് നൽകിയിരുന്നത്. 1250 രൂപ പ്രകാരം കഴിഞ്ഞ ദിവസം അപ്പ നിർമാണത്തിനായി മറ്റൊരു കരാറുകാരനെ കൂടി ഉണ്ണിയപ്പനിർമാണത്തിന് നിയോഗിച്ചിരുന്നു. എന്നാൽ രണ്ട് കരാറുകാർ ചേർന്ന് നിർമ്മാണം നടത്തിയിട്ടും അപ്പം വിതരണം പ്രതിസന്ധിയിലായി. ഞായറാഴ്ച പല കൗണ്ടറുകളിലും അപ്പം ലഭ്യമായിരുന്നില്ല. മണിക്കൂറുകളോളം ക്യൂവിൽ നിന്ന് കൗണ്ടറുകളുടെ മുന്നിലെത്തുമ്പോൾ അപ്പം ലഭ്യമല്ല എന്ന അറിയിപ്പാണ് ഭക്തർക്ക് ലഭിച്ചത്. കൗണ്ടറുകളുടെ മുന്നിൽ കൂടുതലായി അപ്പം ലഭ്യമല്ല എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത്‌ പ്രസാദത്തിനായി ക്യൂ നിൽക്കുന്ന തീർത്ഥാടകരിൽ ആശയക്കുഴപ്പവും ഉണ്ടാക്കുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലം അപ്പം പായ്ക്ക് ചെയ്യുന്നതിലുള്ള കാലതാമസമാണ് വിതരണത്തിന് പ്രതിസന്ധി സൃഷ്ഠിക്കുന്നത്. ഞായറാഴ്ച മുതൽ ഡ്യൂട്ടി സമയം കഴിഞ്ഞ താൽക്കാലിക ജീവനക്കാരെ ഉണ്ണിയപ്പം പാക്കിംഗ് ജോലികൾക്ക് അധികമായി നിയമിച്ചിട്ടുണ്ട്. അപ്പം തയ്യാറാക്കുന്നതിനുള്ള മുഴുവൻ സാധനങ്ങളും ദേവസ്വം ബോർഡാണ് വാങ്ങി നൽകുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 36 അടുപ്പുകളാണ് ഇതിനായി ഉള്ളത്. ദിവസം 60000 കവർ ഉണ്ണിയപ്പം തയ്യാറാക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. എന്നാൽ ജീവനക്കാരുടെ കുറവ് മൂലം 25000 മുതൽ 30000 വരെ കവർ മാത്രമേ പ്രതിദിനം തയ്യാറാക്കാൻ സാധിക്കുന്നുള്ളു. 160 ഡിഗ്രി വരെ ചൂടുള്ള അടുപ്പുകളുടെ അടുത്തിരുന്ന് ഉണ്ണിയപ്പം തയാറാക്കുന്നത് ശ്രമകരമായ ജോലിയായതിനാൽ കരാറുകാരൻ കൊണ്ടുവന്ന തൊഴിലാളികളിൽ പലരും തിരികെ പോകുന്നതും പ്രതിസന്ധിയായി. പ്രസാദവിതരണത്തിലടക്കം ജീവനക്കാരുടെ കുറവ് ഉണ്ടായതോടെ മൂന്നുതവണ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ചുരുക്കം ചിലർ മാത്രമാണ് അപേക്ഷിച്ചത്.