ചെങ്ങന്നൂർ: മഹാദേവർ ക്ഷേത്രത്തിലെ 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ 4.30ന് മഹാഗണപതിഹോമം, 10ന് കൊടിക്കൂറ സമർപ്പണം, വൈകിട്ട് 5ന് ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 7നും 8നും മദ്ധ്യേ തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരര്, കണ്ഠര് മഹേഷ് മോഹനര് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് ശാത്രീയ നൃത്തം നടക്കും. നാളെ മുതൽ ക്ഷേത്രത്തിൽ പതിവ് പൂജകൾക്ക് പുറമേ വിശേഷാൽ പൂജകളും വഴിപാടുകളും നടക്കും. ജനുവരി 16നാണ് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ആറാട്ട് നടക്കുന്നത്. ശ്രീകൃഷ്ണനടയിൽ ഭാഗവത സപ്താഹയജ്ഞം 21 മുതൽ 27വരെയും ദശാവതാരച്ചാർത്ത് 28മുതൽ ജനുവരി ആറു വരെയും നടത്തും. വിവിധ ദിവസങ്ങളിൽ സേവ, കാഴ്ചശ്രീബലി, സോപാനസംഗീതം, നൃത്തം, ഹൃദയജപലഹരി, പുല്ലാങ്കുഴൽ ഫ്യൂഷൻ, ചാക്യാർകൂത്ത്, ഗാനമേള, ആനയൂട്ട്, ഓട്ടൻതുള്ളൽ, ബാലെ, മിഴാവിൽ തായമ്പക, നാട്യസംഗീതശിൽപം, സംഗീതസദസ് എന്നിവയുണ്ടാകും.