cake

പത്തനംതിട്ട : ക്രിസ്മസ് വിപണിയിൽ കേക്ക്, വൈൻ തുടങ്ങിയ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പ് വരുത്താൻ കർശന നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയിൽ നാല് ദിവസത്തിനുള്ളിൽ അഞ്ച് കടകൾക്ക് നോട്ടീസ് നൽകി. ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളാകും അടുത്തഘട്ടത്തിൽ.

തിരുവല്ല, അടൂർ, റാന്നി, മല്ലപ്പള്ളി, പന്തളം, പത്തനംതിട്ട പ്രദേശങ്ങളിൽ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. പരിശോധന 31 വരെ തുടരും. ബേക്കറികൾ, ഹോട്ടൽ, റസ്റ്റോറന്റ്, തട്ടുകടകൾ, കേക്ക് - വൈൻ വില്പന ശാലകൾ, വീട്ടിൽ കേക്ക് ഉണ്ടാക്കി വിൽക്കുന്നവർ, കേക്കിന്റെ അസംസ്കൃത വസ്തുക്കളുടെ കടകൾ, ഉപകരണശാലകൾ, വഴിയോര കച്ചവടം തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്.

ക്രിസ്മസ് വിപണിയിൽ ഉപഭോക്താക്കൾക്ക് ഗുണ നിലവാരമേറിയ ശുചിത്വ ഭക്ഷണം ലഭ്യമാക്കുകയാണ് ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ലക്ഷ്യം.

ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കും. ഇവ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഉത്തരവ്. ജില്ലയിൽ വീടുകളിൽ കേക്ക് നിർമ്മിക്കുന്നവർ നിരവധിപ്പേരുണ്ട്. ഇവരിൽ രജിസ്ട്രേഷൻ ഇല്ലാത്തവർക്കെതിരെ നടപടിയെടുക്കും.

പിഴ വീഴും

ഗുണ നിലവാരം മോശമാണെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയിടാം.

ലേബൽ ഇല്ലെങ്കിൽ 3 ലക്ഷം വരെ

ആരോഗ്യത്തിന് ഹാനികരമായാൽ ആറ് മാസം മുതൽ ജീവപര്യന്തം വരെ ശിക്ഷയും 5 ലക്ഷം വരെ പിഴയും

മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ 1 ലക്ഷം രൂപ പിഴ

അഞ്ച് കടകൾക്ക് നോട്ടീസ് നൽകി.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി പരിശോധന നടത്തും

നോട്ടീസ് നൽകിയതിന് ശേഷം പിന്നീട് ഹിയറിംഗിന് വിളിച്ചാണ് പിഴ ഇൗടാക്കുക. ലൈസൻസ് ഇല്ലാത്തത് ലൈസൻസ് കേസുകളായി മാറും. നിലവിൽ ശുചിത്വമില്ലായ്മ കാരണം ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജില്ലയിലെ സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. കർശനമായ പരിശോധന തുടരും. "

ജി. രഘുനാഥക്കുറുപ്പ്

ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ