thanka-anki

ശബരിമല: തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാർത്താനായി നടയ്ക്കുവച്ച തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും. 22ന് രാവിലെ അഞ്ചു മുതൽ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തിൽ തങ്ക അങ്കി ദർശിക്കാൻ അവസരമുണ്ട്. 22 ന് രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലെത്തുന്ന ഘോഷയാത്ര
23ന് രാവിലെ 8ന് അവിടെ നിന്ന് പുറപ്പെടും. രാത്രി 8 ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തും. 24ന് രാവിലെ 7.30ന് അവിടെനിന്ന് പുറപ്പെട്ട് രാത്രി 7.45 ന് പെരുനാട് ശാസ്താ ക്ഷേത്രത്തിലെത്തും. 25ന് രാവിലെ 8 ന് അവിടെ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. പമ്പയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3 ന് പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെനിന്ന് ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി 6.30ന് ദീപാരാധന നടത്തും. തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും.