 
പന്തളം : കുരമ്പാല  - പൂഴിക്കാട് - വലക്കടവ് റോഡിന്റെ തകർച്ച പരിഹരിക്കാൻ നടപടിയായില്ല. യാത്രക്കാർ ദുരിതത്തിൽ. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ നവീകരണത്തിനായി പണം അനുവദിച്ചിട്ട് രണ്ടു വർഷത്തോളമായി. എന്നാൽ ഇതുവരെ പണികൾ തുടങ്ങിയിട്ടില്ല.
കഴിഞ്ഞ വർഷം 5 കോടി 80 ലക്ഷം രൂപ ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് അറിയിച്ചത്. എം.സി റോഡിൽ കുരമ്പാല ആലുംമൂട്ടിൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് തവളംകുളം, പൂഴിക്കാട് സ്കൂൾ ജംഗ്ഷൻ ,വലക്കടവ് വഴി പന്തളം - മാവേലിക്കര റോഡിലെ മുട്ടാർ ജംഗ്ഷനിൽ എത്തുന്നതാണ് ഈ റോഡ്.
7 വർഷം മുമ്പ് എം.എൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2 കോടി രൂപാ വിനിയോഗിച്ച് പുനരുദ്ധാരണം നടത്തിയെങ്കിലും ഉദ്ഘാടനത്തിന് മുമ്പ് റോഡ് തകർന്നു.
ഓടകൾ നിർമ്മിക്കാത്തതാണ് റോഡിന്റെ നാശത്തിന് കാരണമായത്. വെള്ളക്കെട്ട് ഉള്ളയിടം ഉയർത്താത്തതും തകർച്ചയ്ക്ക് വഴിയൊരുക്കി. നിലവിലുള്ള ഓടയും കലുങ്കുകളും നികത്തിയായിരുന്നു റോഡ് നിർമ്മാണം. നിർമ്മാണത്തിലെ അപാകതകൾ പ്രദേശവാസികൾ അന്നേ ചൂണ്ടികാണിച്ചിരുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നതും വയറപുഴ പാലം പണിതാൽ എം.സി റോഡിന് സമാന്തരമായി ബൈപാസ് ആയി മാറ്റാൻ കഴിയുന്നതുമാണ് ഈ റോഡ്.
കുടശ്ശനാട് മേഖലയിലുള്ളവർക്ക് കുരമ്പാല ,അടൂർ ,തട്ട ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എളുപ്പവഴി കൂടിയാണിത്. ഈ പ്രദേശത്തുള്ളവർ ആരാധനാലയങ്ങൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിനും ആശ്രയിക്കുന്ന റോഡാണിത്. ഇരുചക്രവാഹനയാത്രക്കാർ കുഴികളിൽ വീണ് അപകടം ഉണ്ടാകുന്നതും പതിവാണ്.
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം
റോഡ് ഇപ്പോഴും നഗരസഭയുടെ അധീനതയിലാണ്. പി.ഡബ്ല്യു.ഡി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കൾ വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു.
റോഡ് തകർന്ന് കിടക്കുന്നതിനാൽ കായംകുളം മേഖലകളിലേക്ക് പോകുന്നതിന്, തവളംകുളം നിവാസികൾ എം.സി റോഡിൽ എത്തി എം.എം ജംഗ്ഷൻ - പൂഴിക്കാട് വഴി കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ട ഗതികേടാണുള്ളത് . റോഡിന്റെ ദുസ്ഥിതി കാരണം പുലർച്ചെയുള്ള പത്രവിതരണം പലപ്പോഴും മുടങ്ങുന്ന അവസ്ഥയാണ്.
ജോൺ തുണ്ടിൽ പൂഴിക്കാട്പത്രം ഏജന്റ്