 
അടൂർ : ശുചിത്വം, കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് ശ്രീനാരായണ ഗുരുദേവൻ നൽകിയ ഉപദേശങ്ങളുടെ പ്രസക്തി ഒാരോ വർഷം കഴിയുന്തോറും വർദ്ധിച്ചുവരികയാണെന്ന് ശിവഗരിമഠത്തിലെ ബോധിതീർത്ഥ സ്വാമികൾ ചൂണ്ടിക്കാട്ടി. ഗുരു ധർമ്മപ്രചരണ സഭ അടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 89 -മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടത്തിയ വിളംബരം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങൾക്ക് മുൻപ് ഗുരു അരുൾ ചെയ്ത കാഴ്ചപ്പാടുകൾ എത്രദീർഘവീക്ഷണമുള്ളതാണെന്ന് ഇന്ന് നാം അനുഭവിച്ചറിയുകയാണ്. ഗുരുവിന്റെ ഉപദേശങ്ങളുടെ പൂർണസത്ത ഉൾക്കൊണ്ടിരുന്നെങ്കിൽ ഇന്ന് നാം അനുഭവിക്കുന്ന രോഗാതുരമായ അവസ്ഥയും കാർഷിക മേഖലയിലെ തകർച്ചയും ഉണ്ടാകുമായിരുന്നില്ല. ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതുതന്നെ ഇത്തരം അറിവുകളെ കൂടുതൽ ഉൗട്ടിയുറപ്പിക്കുന്നതിനുവേണ്ടിയാണ്.കാലങ്ങൾക്ക് അതീമായതായിരുന്നു ഗുരുവിന്റെ സന്ദേശങ്ങൾ. അതിന്റെ ആഴവും പരപ്പും ഉൾക്കൊണ്ട് ജീവിക്കുക എന്നതാണ് ഇന്നത്തേയും നാളകളുടേയും ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജി.ഡി.പി.എസ്.മണ്ഡലം പ്രസിഡന്റ് വി.എസ്.യശോധര പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഡോ.അൻസാരി, ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, മണിയമ്മ, ജി.രാജേന്ദ്രൻ കലഞ്ഞൂർ, അനിൽ തടാലിൽ,ഉഷ പുഷ്പൻ,എം.ദിലീപ് എന്നിവർ പ്രസംഗിച്ചു.