തിരുവല്ല: ബൈപ്പാസിൽ നിറുത്തിയിട്ടിരുന്ന സ്കോർപ്പിയോ കാറിന് തീപിടിച്ചു. വാഹനത്തിന്റെ എൻജിൻ ഭാഗത്ത് ആളിപ്പടർന്ന തീ അഗ്നിശമന സേനയെത്തി അണച്ചു. സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തെ ഫ്ളൈ ഓവറിന്റെ തുടക്കഭാഗത്ത് നിറുത്തിയിട്ടിരുന്ന തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് ഇന്നലെ രാവിലെ 11ന് തീപിടിച്ചത്. സംഭവം കണ്ട സമീപത്തെ സ്ഥാപന ഉടമ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി തീ അണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാവാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം നേരം ബൈപ്പാസിൽ ഗതാഗതം തടസപ്പെട്ടു.