പ്രമാടം : വേനൽ കനത്തതോടെ കുടിവെള്ള ക്ഷാമം നേരിടാൻ തുടങ്ങിയ പ്രമാടത്ത് ജല അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. മറൂർ പമ്പ് ഹൗസിൽ നിന്നുള്ള പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും പൈപ്പുലൈനുകളുടെ തകരാറും പൊട്ടിയൊഴുകുന്നതുമാണ് ജലവിതരണം താറുമാറാകാൻ കാരണം. എസ്.എൻ.ഡി.പി ജംഗ്ഷനും ഈറ്റ ഡിപ്പോയ്ക്കും ഇടയിൽ പൈപ്പുപൊട്ടിയതിനെ തുടർന്ന് പൂങ്കാവ് ഉൾപ്പടെയുള്ള പ്രമാടം കിഴക്ക് ഭാഗത്ത് ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ചയായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ തകരാർ പരിഹരിച്ചെങ്കിലും ജലവിതരണം കാര്യക്ഷമമല്ലെന്ന് ഉപഭോക്താക്കൾ പറഞ്ഞു.
കോളനികളിൽ ദുരിതം
പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. കോളനികൾ ഉൾപ്പടെയുള്ള ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളം ദിവസങ്ങളായി മുടങ്ങിയിരിക്കുകയാണ്. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. നിലവിൽ എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ച് പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിച്ചെങ്കിലും ഇതിലൂടെ ജലവിതരണം തുടങ്ങിയിട്ടില്ല. ഇതിന് പമ്പ് ഹൗസിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുകയും കുളപ്പാറമലയിൽ പുതിയ ശുദ്ധീകരണ ടാങ്ക് സ്ഥാപിക്കുകയും വേണം. ഇതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും തുടർ നടപടികൾ ജലരേഖയായി അവശേഷിക്കുകയാണ്.
പ്രമാടത്തെ കുടിവെള്ള ക്ഷോമത്തിന് അടിയന്തര നടപടി സ്വീകരിക്കണം. അല്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കും
നാട്ടുകാർ