പത്തനംതിട്ട: കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കോയിപ്രം കടപ്ര സ്വദേശി ശശിധരൻ പിള്ള (58)യാണ് മരിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം ബദാം മരത്തിൽ കയറി കഴുത്തിൽ കുരുക്കിട്ട് തീകൊളുത്തി താഴേക്കു ചാടിയെന്നാണ് സൂചന. വീട്ടുകാരുമായി വഴക്കിട്ട ശേഷം ഇറങ്ങിയതാണെന്ന് കോയിപ്രം പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപം ബിയർ കുപ്പിയും അതിന്റെ ബില്ലും കണ്ടെത്തി. കോഴഞ്ചേരി വഞ്ചിത്രയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇദ്ദേഹം. കടപ്ര കരിയിലമുക്കിൽ പമ്പയാറിന്റെ കൈവഴിയായ വരാൽച്ചാലിന് സമീപമുള്ള പറമ്പിൽ കഴിഞ്ഞ ദിവസം രാവിലെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പിന്നിലുണ്ടായ മുറിവ് മരത്തിൽ നിന്ന് താഴേക്ക് വീണതിന്റെയാണെന്ന് കരുതുന്നു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. പ്രസന്നയാണ് ഭാര്യ. മകൻ. ശ്യാം പ്രസീത്.