പത്തനംതിട്ട : നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ധ്രുതഗതിയിലാക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ഇന്നലെ കേരള കൗമുദി ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമ്മാണം നിലച്ചത് വാർത്തയാക്കിയിരുന്നു. ആന്റോ ആന്റണി എം.പി യുടെ ശ്രമഫലമായാണ് കേന്ദ്ര കായിക മന്ത്രാലയം ആധുനിക ഇൻഡോർ സ്റ്റേഡിയം നഗരസഭയ്ക്ക് അനുവദിച്ചത് . ഒന്നാം ഗഡുവായി ഒരു കോടി എൺപത് ലക്ഷം രൂപയും നഗരസഭയ്ക്ക് ലഭിച്ചു. ഒന്നാം ഗഡു ഉപയോഗിച്ച് പൈലിംഗ് നടത്തി. തുടർപ്രവർത്തനങ്ങൾ ഇപ്പോൾ മുടങ്ങി കിടക്കുകയാണ്. ആദ്യഗഡുവിന്റെ ബാങ്ക് പലിശ തിരിച്ചടച്ചെങ്കിൽ മാത്രമേ രണ്ടാം ഗഡു ലഭിക്കുകയുള്ളു. ഇത് കൂടി ചേർത്താണ് ഒന്നാം ഘട്ട നിർമ്മാണം നടന്നത്. ഇത് തനത് ഫണ്ടിൽ നിന്നും തിരിച്ചടക്കുവാൻ സർക്കാർ അനുമതി തേടുവാനും പദ്ധതിയുടെ വേഗതയ്ക്ക് എം.പിയുമായി ചർച്ച നടത്തുവാനും കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചു.നഗരസഭ അദ്ധ്യക്ഷൻ അഡ്വ.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.പ്രതിപക്ഷ നേതാവ് കെ.ജാസിം കുട്ടി, അംഗങ്ങളായ എ.സുരേഷ് കുമാർ , പി.കെ അനീഷ്, റോഷൻ നായർ എന്നിവർ സംസാരിച്ചു.