ശബരിമല : കരിമല വഴി പമ്പയിലേക്കുള്ള കാനന പാത തുറക്കുന്നതിന് നടപടി തുടങ്ങി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പദ്ധതി നടത്തിപ്പിന് രൂപരേഖ തയാറാക്കി. മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി മാത്രമേ പാത സജ്ജമാവുകയുള്ളൂ. എരുമേലി മുതൽ പമ്പ വരെയുള്ള 61 കിലോമീറ്റർ കാനന പാത ചുരുങ്ങിയ സമയത്തിനുള്ളിൽ സജ്ജമാക്കാനാണ് ലക്ഷ്യം. ഇതിനായുള്ള പ്രവർത്തനങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ചു. തദ്ദേശ വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെ സഹകരണത്തോടെയാകും കാനനപാത തെളിക്കുന്നത്. ഇവരുടെ യോഗം ഡി.എഫ്.ഒ ഉടൻ വിളിച്ചുചേർക്കും. രണ്ട് വർഷമായി മനുഷ്യസാന്നിധ്യമില്ലാതെ കിടന്ന പാതയിൽ ചിലയിടത്ത് മരങ്ങൾ വീണ് മാർഗ തടസമുണ്ട്. ഇവ നീക്കംചെയ്യുകയും അപകടകരമായ മരങ്ങൾ വെട്ടിമാറ്റുകയും ചെയ്യും. പാതയിൽ തീർത്ഥാടകർക്കായി എട്ട് വിശ്രമ കേന്ദ്രങ്ങൾ ഉണ്ടാകും. ഇതിനോടനുബന്ധിച്ച് കടകൾ, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കണം, രണ്ട് കാർഡിയാക് സെന്ററുകളും മൂന്ന് അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളും ഒരുക്കും. അയ്യപ്പ സേവാസംഘം മൂന്ന് ഇടങ്ങളിൽ അന്നദാനം നടത്തും. വന്യമൃഗശല്യത്തിന് സാദ്ധ്യതയുള്ളതിനാൽ രണ്ട് കിലോമീറ്റർ ഇടവിട്ട് നിരീക്ഷണ സംവിധാനം ഒരുക്കാനാണ് നീക്കം. ശബരിമല എഡി.എം അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുളള സംഘം നേരത്തെ തന്നെ പാതയിലൂടെ സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ജില്ലാ കഴക്ടറുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന യോഗത്തിൽ വനം, ആരോഗ്യം, പൊലീസ്, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ബന്ധപ്പെട്ട വകുപ്പുകളുടെ സർക്കാർതല യോഗവും ഉടൻ ചേരും.