പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി തിരഞ്ഞടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായെന്ന ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടത് ഭരണസമിതി സ്വയം രാജിവച്ച് പുറത്തുപോകുകയോ അല്ലെങ്കിൽ സർക്കാർ പിരിച്ചുവിടുകയോ ചെയ്യണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സഹകരണ ജനാധിപത്യവേദി ജില്ലാ ചെയർമാൻ അഡ്വ. കെ. ജയവർമ്മ എന്നിവർ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നിയോഗിക്കപ്പെട്ട നിരീക്ഷകനാണ് റിപ്പോർട്ട് സമർപ്പിച്ചത്. 18 നും 25 നും മദ്ധ്യേപ്രായമുള്ള നൂറുകണക്കിന് അംഗങ്ങൾ അല്ലാത്തവർ വോട്ട് ചെയ്തെന്ന് നിരീക്ഷകന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
സഹകരണ മേഖലയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തി അക്രമ മാർഗത്തിലൂടെയും വ്യാജ വോട്ടർമാരിലൂടെയും സഹകരണ ബാങ്കുകൾ പിടിച്ചെടുക്കുന്ന സി.പി.എം ,അധികാര ദുർവിനിയോഗത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അവർ പറഞ്ഞു.