 
തിരുവല്ല: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മാക്ഫാസ്റ്റ് കോളേജിൽ നടന്ന നിയുക്തി മെഗാ ജോബ് ഫെയർ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മയ്ക്കുള്ള പരിഹാരം കൂടുതൽ സംരംഭങ്ങൾക്ക് രൂപം നൽകുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജോലിക്കുള്ള പരിഗണനയ്‌ക്കൊപ്പം തന്നെ സ്വകാര്യ സംരംഭകരുമായി തൊഴിൽ അന്വേഷകരെ ബന്ധപ്പെടുത്തി കൊടുക്കുന്ന പ്രവർത്തനമാണ് മെഗാ തൊഴിൽ മേളകളിലൂടെ നടത്തപ്പെടുന്നതെന്നും എം.എൽ.എ പറഞ്ഞു. മേളയിൽ നാൽപ്പതിൽ പരം ഉദ്യോഗദായകരും മൂവായിരത്തോളം ഉദ്യോഗാർഥികളും പങ്കെടുത്തു. 578 പേർക്ക് ഉടനടി നിയമനം ലഭിക്കുകയും 917 പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖല എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സി.ജി.സാബു മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഡി.ഉണ്ണികൃഷ്ണൻ, മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ.ചെറിയാൻ ജെ. കോട്ടയിൽ, അഡ്മിനിസ്‌ട്രേറ്റർ വർഗീസ് ഏബ്രഹാം, എംപ്ലോയ്‌മെന്റ് ഓഫീസർമാരായ വിൽസൻ ജോസഫ്, എസ്.അനിൽകുമാർ, മാക്ഫാസ്റ്റ് കോളേജ് പ്ലേസ്‌മെന്റ് ഓഫീസർ നിതിൻ മാത്യു ജയിംസ് എന്നിവർ പങ്കെടുത്തു.