പ്രമാടം : കനത്ത മഴയിൽ ആറുമാസത്തിനിടെ വള്ളിക്കോട്ടെ നെൽപ്പാടങ്ങളിൽ വെള്ളം കയറിയത് അഞ്ചുതവണ. നെൽകൃഷി നശിച്ച കർഷകർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

ഇൻഷ്വർ ചെയ്തിട്ടുള്ള കർഷകർക്ക് വിത നടത്തി 45 ദിവസമായെങ്കിൽ മാത്രമെ നഷ്ട പരിഹാരം ലഭിക്കു. ഇത്തവണ ഉണ്ടായ എല്ലാ പ്രളയക്കെടുതികളിലും നഷ്ടമുണ്ടായതാകട്ടെ വിത നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിലും. ഇതുമൂലം നഷ്ടപരിഹാരം ലഭിക്കില്ല.പാടം ഒരുക്കിയതിന്റെ കൂലിയും നെൽവിത്തിന്റെ വിലയും കർഷകർക്ക് നഷ്ടമായി. അപ്രതീക്ഷിത പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തി കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജനപ്രതിനിധികൾ പറഞ്ഞിരുന്നെങ്കിലും കൃഷിവകുപ്പ് അനുകൂല നടപടി സ്വീകരിച്ചിട്ടില്ല.

500 ഏക്കർ പാടശേഖരം

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ 500 ഏക്കറോളം പാടശേഖരമുണ്ട്. വേട്ടക്കുളം, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ് തുടങ്ങിയവയാണ് പ്രധാന പാടശേഖരങ്ങൾ. കഴിഞ്ഞ വർഷം മെച്ചപ്പെട്ട വിളവ് ലഭിച്ചിരുന്നു. ഇതിന്റെ ആഹ്ളാദത്തിൽ കർഷകർ സെപ്തംബറിൽ തന്നെ പാടങ്ങൾ ഒരുക്കിയെടുത്തിരുന്നു. കാളകളെ ഇറക്കിയാണ് പാടം ഉഴുതുമറിച്ചത്. വൻ ചെലവ് കർഷകർക്ക് ഇക്കാര്യത്തിലുണ്ടായി. കൃഷിഭവനിൽ നിന്ന് എത്തിച്ച ഉമ ഇനത്തിൽപ്പെട്ട വിത്താണ് അന്ന് വിതച്ചത്. ഒക്ടോബറിൽ വിത നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും വെള്ളപ്പൊക്കവുമായി. വെള്ളം കയറി വിത പൂർണമായി നഷ്ടപ്പെട്ടു. വീണ്ടും ട്രാക്ടറുകളും ട്രില്ലറും ഉപയോഗിച്ചാണ് പാടശേഖരങ്ങൾ ശരിയാക്കിയത്. വിത നടത്തി ദിവസങ്ങൾ കഴിഞ്ഞതോടെ വീണ്ടും മഴയും വെള്ളപ്പൊക്കവും. ഇങ്ങനെ തുടർച്ചയായി അഞ്ച് തവണയാണ് കർഷകർക്ക് തങ്ങളുടെ അദ്ധ്വാനവും സമ്പത്തും വിളവും നഷ്ടമായത്. സാമ്പത്തിക നഷ്ടം പരിഹരിക്കാൻ അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് പാടശേഖരസമിതികളുടെയും കർഷകരുടെയും ആവശ്യം.