kattupnni
കാട്ടുപന്നികൾ വിളവ് നശിപ്പിച്ച കൃഷിയിടത്തിൽ കർഷകൻ

റാന്നി: വിളകൾ നശിപ്പിച്ച് കാട്ടുപന്നികൾ. തോമ്പിക്കണ്ടം പുത്തൻപറമ്പിൽ പി.സി ഏബ്രഹാമിന്റെ മരച്ചീനി കൃഷിയാണ് കാട്ടുപന്നികൾ ഒന്നുപോലും ബാക്കിവെക്കാതെ നശിപ്പിച്ചത്.വിളവെടുപ്പിന് പാകമായ മരച്ചീനി കുത്തിമറിച്ചു.തോമ്പിക്കണ്ടം മോൻസിപ്പടിക്ക് സമീപം 22കെ.വി വൈദ്യുത ലൈൻ കടന്നു പോകുന്ന സ്ഥലം പാട്ടത്തിന് എടുത്തു ചെയ്യുന്ന കൃഷിയാണ് നശിച്ചത്. ഇടക്കാലത്ത് ശല്യമില്ലാതിരുന്ന പന്നികൾ വീണ്ടും കൂട്ടത്തോടെ ഇറങ്ങിയതായാണ് കർഷകർ പറയുന്നത്. മറ്റു പറമ്പുകൾ പാട്ടത്തിനെടുത്ത് വലിയ തുക മുടക്കി ചെയ്യുന്ന കൃഷികൾ കാട്ടുപന്നി നശിപ്പിക്കുന്നത് കണ്ടു നിൽക്കാനെ കർഷകന് കഴിയു. വേലി കെട്ടി തിരിച്ച കൃഷിയിടങ്ങളിലാണ് കഴിഞ്ഞ രാത്രി പന്നികൾ ഇറങ്ങിയത്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവുണ്ടെങ്കിലും ഒന്നോ രണ്ടോ പന്നികളെ വകവരുത്തിയതുകൊണ്ട് മേഖലയിൽ പ്രശ്നം പരിഹരിക്കാൻ ആവുന്നില്ല. വനം വകുപ്പും സർക്കാരും തങ്ങൾക്ക് അനുകൂലമായി ശാശ്വത പരിഹാരത്തിനുള്ള പദ്ധതികൾ തയാറാക്കണമെന്നാണ് കർഷകരുടെ ആവശ്യം.